'കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടു പോകുന്നു': പ്രതിഷേധത്തിന് ഒരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച

'കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടു പോകുന്നു': പ്രതിഷേധത്തിന് ഒരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള വാഗ്ദാനങ്ങള്‍ പൂര്‍ണമായും ലംഘിച്ചെന്ന് ആരോപണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച.

മിനിമം താങ്ങുവില സംബന്ധിച്ച്‌ സമിതി രൂപീകരിച്ചിട്ടില്ലെന്നും പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കതിരെ രജിസ്റ്റര്‍ ചെയ്ത കള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും കര്‍ഷക സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് നല്‍കുക എന്ന കര്‍ഷകരുടെ ഏറ്റവും വലിയ ആവശ്യം പരിഗണിക്കാന്‍ പോലും കേന്ദ്രം തയ്യാറായില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച്‌ ജൂലൈ 18ന് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത് മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് എസ്.കെ.എം പറഞ്ഞു.
ജൂലൈ 31ന് പ്രതിഷേധ ക്യാമ്പെയിനിന്‍റെ അവസാന ദിവസം രാജ്യത്തെ എല്ലാ പ്രധാന ഹൈവേകളിലും രാവിലെ 11 മുതല്‍ വലിയ പ്രതിഷേധ സംഗമം നടത്തുമെന്ന് എസ്.കെ.എം അറിയിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ തൊഴില്‍ രഹിതരായ യുവാക്കളെയും മുന്‍ സൈനികരെയും അണിനിരത്താനാണ് തീരുമാനം.

അഗ്നിപഥ് പദ്ധതി തുറന്നുകാട്ടുന്നതിനായി ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ രാജ്യത്തുടനീളം 'ജയ് ജവാന്‍, ജയ് കിസാന്‍' സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 18 മുതല്‍ 20 വരെ ലഖിംപൂര്‍ ഖേരിയില്‍ 75 മണിക്കൂര്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കാനും തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.