അമേരിക്കയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനു നേരെ വെടിവെപ്പ്:ആറു മരണം;പ്രതി എന്ന് സംശയിക്കുന്ന ആൾ അറസ്റ്റിൽ

അമേരിക്കയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനു നേരെ വെടിവെപ്പ്:ആറു മരണം;പ്രതി എന്ന് സംശയിക്കുന്ന ആൾ അറസ്റ്റിൽ

ചിക്കാഗോ: ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ ജൂലൈ നാലിനു നടന്ന അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനു നേരെ വെടിവെപ്പ്. ഒടുവിലെ റിപ്പോർട്ട്‌ പ്രകാരം ആറു പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കുറഞ്ഞത് 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. ആറുമണിക്കൂര്‍ നീണ്ട തിരച്ചലിന് ശേഷം അക്രമിയായ റോബർട്ട് ക്രിമോ എന്ന 22 കാരനെ പൊലീസ് പിടികൂടി. 

അമേരിക്കയുടെ 246 ആം സ്വാതന്ത്ര്യ ദിനമായിരുന്നു ഇന്നലെ നടന്നത്. സ്വാതന്ത്ര്യ ദിന പരേഡ് കാണാനും പങ്കെടുക്കാനും നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തി. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് അജ്ഞാതനായ ഒരാൾ പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർക്കുകയായിരുന്നുവെന്നു ഹൈലാൻഡ് പാർക്ക് പോലീസ് മേധാവി ലൂ ജോഗ്‌മെൻ പറഞ്ഞു.


20 തവണ വെടിയൊച്ച കേട്ടുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്കിലെയും നഗരത്തിന് സമീപപ്രദേശങ്ങളിലെയും സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് നിർത്തിവെച്ചു.

കൊല്ലപ്പെട്ടവരിൽ അഞ്ചുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ കൂടിയേക്കുമെന്നും പൊലീസ് പറയുന്നു.


പ്രതി മാരകമായ ആയുധമാണ് ഉപയോഗിച്ചതെന്നു ലേക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഡെപ്യൂട്ടി ചീഫ് ക്രിസ് കോവെല്ലി പറഞ്ഞു. പരേഡിന്റെ അവസാന പാദത്തിലാണ് വെടിവയ്പ്പ് ഉണ്ടായത്. ആക്രമണം വളരെ ആസൂത്രിതമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിവയ്പ്പിന് ശേഷം ആക്രമി കെട്ടിടത്തിനോട് ചേർന്നുള്ള ഇടവഴിയിലൂടെ കടന്നു കളഞ്ഞു. പൊലീസ് പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. എഫ്ബിഐയും ചിക്കാഗോ ഓഫീസർമാരും സ്ഥലത്ത് എത്തി. ഹൈലന്റ് പാർക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കർശന സുരക്ഷയൊരുക്കി.

സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ അപലപിച്ചു. "സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കൻ സമൂഹത്തിന് വീണ്ടും ദുഃഖം സമ്മാനിച്ച വിവേകശൂന്യമായ തോക്ക് അക്രമത്തിൽ ഞാനും ജിലും ഞെട്ടിപ്പോയി. സംഭവസ്ഥലത്ത് ആദ്യം പ്രതികരിച്ചവർക്കും നിയമപാലകരോടും ഞങ്ങൾ നന്ദിയുള്ളവരാണ്. തോക്ക് അക്രമം എന്ന പകർച്ചവ്യാധിക്കെതിരെ പോരാടുന്നത് ഞാൻ ഉപേക്ഷിക്കില്ല." ബൈഡൻ ട്വിറ്ററിൽ കുറിച്ചു. അമേരിക്കയിൽ തോക്ക് നിയമം കർശനമാക്കിയ ശേഷം നടക്കുന്ന ഏറ്റവും ഭീകരമായ തോക്ക് ആക്രമണം ആണ് ഇപ്പോഴുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.