ന്യൂസ് പ്രിന്റ് വില: പത്ര വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്; കേന്ദ്ര മന്ത്രിയെ കണ്ട് പത്ര ഉടമകള്‍

ന്യൂസ് പ്രിന്റ് വില: പത്ര വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്; കേന്ദ്ര മന്ത്രിയെ കണ്ട് പത്ര ഉടമകള്‍

കോഴിക്കോട്: പത്രക്കടലാസ് വില ഇരട്ടിയും കടന്നു കുതിച്ചതോടെ രാജ്യത്ത് അച്ചടി മാധ്യമങ്ങള്‍ ഗുരുതര പ്രതിസന്ധിയിലേക്ക്. അച്ചടിക്കടലാസ് വിലവര്‍ദ്ധന കാരണം മലയാള ദിനപത്രങ്ങള്‍ നേരിടുന്ന വെല്ലുവിളി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് സിംഗ് ഥാക്കൂറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ പത്ര ഉടമകളോട്, ഇക്കാര്യം ഗൗരവപൂര്‍വം പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെത്തിയ മന്ത്രിയുമായി പത്ര ഉടമകള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്. ഇന്ത്യന്‍ പത്രങ്ങള്‍ക്കു വേണ്ടുന്ന അച്ചടിക്കടലാസിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത് റഷ്യയില്‍ നിന്നാണ്. ഉപരോധം കാരണം ഇറക്കുമതി പൂര്‍ണമായും നിലച്ചു. ടണ്ണിന് 450 യുഎസ് ഡോളര്‍ ആയിരുന്ന പത്രക്കടലാസ് വില കൂടിക്കൂടി 1000 ഡോളര്‍ കടന്നു.

ഇറക്കുമതി ന്യൂസ് പ്രിന്റിന് അഞ്ചു ശതമാനമാണ് ആ ഇനത്തിലെ തീരുവ. ഈ ശ്വാസംമുട്ടലിനു മീതയാണ് തുടരെയുള്ള ഇന്ധന വിലവര്‍ദ്ധന കാരണം അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്കുണ്ടായ വന്‍ വിലവര്‍ദ്ധന. വ്യാപാര, വ്യവസായ മേഖലകളില്‍ കൊവിഡ് കാരണമുണ്ടായ നിശ്ചലത കാരണം പരസ്യ വരുമാനത്തിലുണ്ടായ ഇടിവും, വൈദ്യുതി നിരക്ക് വര്‍ദ്ധനയും കാരണം പിടിച്ചുനില്ക്കാന്‍ പാടുപെടുന്നതിനിടെയാണ് പത്രക്കടലാസിന്റെ അമിത വിലവര്‍ദ്ധനവ് എന്ന ദുരന്തം.

പത്രങ്ങളുടെ പ്രസിദ്ധീകരണച്ചെലവിന്റെ 50 ശതമാനത്തിലധികം കടലാസ് വിലയാണ്. കൊവിഡ് പ്രതിസന്ധിയില്‍ വിദേശ ന്യൂസ് പ്രിന്റ് ഫാക്ടറികള്‍ പലതും അടച്ചു പൂട്ടിയതോടെ ന്യൂസ്പ്രിന്റ് ലഭ്യത കുത്തനെ ഇടിയുകയും വില കുതിക്കുകയുമായിരുന്നു.

ന്യൂസ് പ്രിന്റ് ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിക്കുന്ന കാനഡയിലും ഫിന്‍ലാന്‍ഡിലും തൊഴില്‍ സമരം കാരണം മില്ലുകള്‍ അടച്ചിട്ടിരിക്കുകയാണ്. ദുര്‍വഹമായ സാമ്പത്തിക ബാദ്ധ്യത കാരണം രാജ്യത്ത് നിരവധി ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും രണ്ടുവര്‍ഷത്തിനിടെ അടച്ചുപൂട്ടി.

ജനാധിപത്യത്തിന്റെ നാലാം തൂണായ വാര്‍ത്താമാദ്ധ്യമങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഐ.എന്‍.എസ് റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.