സിഡ്‌നി: ശക്തമായ കാറ്റിലും തിരയിലും നിയന്ത്രണം നഷ്ടപ്പെട്ട് നടുക്കടലിലേക്ക് ദിശതെറ്റിപ്പോയ ഹോങ്കോംഗ് ചരക്ക് കപ്പല്‍ തീരത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. പ്രതികൂല കാലാവസ്ഥയും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
ടഗ് ബോട്ടുകളികള്‍ കെട്ടിവലിച്ച് കപ്പല്‍ തീരത്തെത്തിക്കാനായിരുന്നു ആദ്യ ശ്രമം. അതു ഫലം കാണാതെ വന്നതോടെ കപ്പലിലുള്ള ആളുകളെ രക്ഷപെടുത്താന്‍ ഹെലിക്കോപ്ടര്‍ മാര്‍ഗം നടത്തിയ ഒഴിപ്പിക്കല്‍ നീക്കവും പാളി. ഏല്ലാ വഴികളും അടഞ്ഞതോടെ ജീവനുവേണ്ടി യാചിക്കുകയാണ് കപ്പലിലെ 21 ജീവനക്കാര്‍.
ഓസ്‌ട്രേലിയയുടെ തീര നഗരമായ വോളോങ്കോങിന് സമീപമുള്ള പോര്‍ട്ട് കെംബ്ലയില്‍ നിന്ന് പുറപ്പെട്ടതാണ് എംവി പോര്‍ട്ട്‌ലാന്‍ഡ് ബേ എന്ന ചരക്ക് കപ്പല്‍. തിങ്കളാഴ്ച രാവിലെ തീരം വിട്ട് ഏറെ വൈകാതെ തന്നെ കപ്പലുമായുള്ള സിഗ്നല്‍ ബന്ധം നഷ്ടപ്പെട്ടു. ശക്തമായ തിരയില്‍പ്പെട്ട് റോയല്‍ നാഷണല്‍ പാര്‍ക്കിന് സമീപമുള്ള പാറക്കെട്ടുകളില്‍ കപ്പല്‍ ഇടിച്ചു നിന്നു.
കപ്പല്‍ തിരികെ തീരത്ത് എത്തിക്കാന്‍ ടഗ് ബോട്ടുകളില്‍ വടം കെട്ടി വലിച്ചെങ്കിലും ശക്തമായ കാറ്റും തിരയും മൂലം കപ്പലിനെ നിയന്ത്രിക്കാന്‍ ബോട്ടിന് കഴിയാതെ വരികെയും വടം പൊട്ടിപ്പോകുകയും ചെയ്തു. തുടര്‍ന്ന് കാറ്റില്‍ നിയന്ത്രണം തെറ്റി കപ്പല്‍ നടുക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് പോര്‍ട്ട് അതോറിറ്റി സിഇഒ ഫിലിപ്പ് ഹോളിഡേ പറഞ്ഞു.
പോര്‍ട്ട് ബോട്ടണി തീരത്ത് നിന്ന് 1.2 നോട്ടിക്കല്‍ മൈല്‍ അകലെ തെക്ക് ഭാഗത്തായാണ് കപ്പല്‍ ഇപ്പോള്‍ നങ്കൂരമിട്ടിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനാകുന്നില്ല. കാറ്റു തിരയും കപ്പലിനെ മറിക്കുകയും തിരിക്കുകയുമാണ്. ന്യൂകാസിലില്‍ നിന്ന് ഒരു സ്‌പെഷ്യലിസ്റ്റ് ടഗ് എത്തിച്ചിട്ടുണ്ട്. എങ്കിലും കടല്‍ അല്പമെങ്കിലും ശാന്തമാകാതെ രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ല. അതിന് 24 മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26