ക്രിക്കറ്റ് ലോകത്ത് പുതുചരിത്രമെഴുതി ന്യൂസിലന്‍ഡ്; വനിത-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം

ക്രിക്കറ്റ് ലോകത്ത് പുതുചരിത്രമെഴുതി ന്യൂസിലന്‍ഡ്; വനിത-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം

ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റ് ലോകത്ത് പുതുചരിത്രമെഴുതി ന്യൂസീലന്‍ഡ്. വനിത-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം നല്‍കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് കൗണ്‍സിലും കളിക്കാരുടെ അസോസിയേഷനും തമ്മില്‍ ധാരണയായി.

അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും കളിക്കുന്ന വനിത-പുരുഷ താരങ്ങള്‍ക്കാണ് തുല്യവേതനം നല്‍കുന്നത്. രാജ്യത്തെ പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളെ ഒരേ കരാറില്‍ സംയോജിപ്പിക്കുന്നതാണ് ഈ തീരുമാനം. അഞ്ച് വര്‍ഷത്തെ കരാറില്‍ ന്യൂസീലന്‍ഡ് ദേശീയ വനിത ടീമിനും, ആഭ്യന്തര വനിത താരങ്ങള്‍ക്കും ഏകദിനങ്ങള്‍, ടി20കള്‍, ഫോര്‍ഡ് ട്രോഫി, ഡ്രീം11 സൂപ്പര്‍ സ്മാഷ് എന്നിവയുള്‍പ്പെടെ എല്ലാ ഫോര്‍മാറ്റുകളിലും പുരുഷന്മാര്‍ക്കുള്ള അതേ മാച്ച് ഫീ ലഭിക്കും.

ഓഗസ്റ്റ് ഒന്നു മുതല്‍ ഈ കരാര്‍ നിലവില്‍ വരും. തുല്യ വേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണല്‍ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങള്‍ക്കും ലഭ്യമാകും.

പുതിയ കരാര്‍ വനിത ക്രിക്കറ്റിനെ മാറ്റിമറിക്കുന്നതാണെന്ന് ന്യൂസിലന്‍ഡ് വനിതാ ടീം ക്യാപ്റ്റന്‍ സോഫി ഡെവിന്‍ പറഞ്ഞു. 'പുരുഷന്മാര്‍ക്കൊപ്പം അന്താരാഷ്ട്ര, ആഭ്യന്തര വനിത താരങ്ങളും ഒരേ കരാറില്‍ അംഗീകരിക്കപ്പെടുന്നത് വലിയ കാര്യമാണ്. ഇതൊരു വലിയ മുന്നേറ്റമാണ്, കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് കരാര്‍ പ്രചോദനമാവും' - ന്യൂസിലന്‍ഡ് ക്രിക്കറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ഡിവിന്‍ പറഞ്ഞു.

കായികരംഗത്ത് ഇത് ആവേശകരമായ സമയമാണെന്ന് ന്യൂസിലന്‍ഡ് പുരുഷ ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു. 'നമുക്ക് മുന്‍പെ കടന്നുപോയവര്‍ക്ക് നല്‍കേണ്ട പിന്തുണയാണത്. സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യാസമില്ലാതെ പിന്തുണയ്ക്കേണ്ടത് വളരെ പ്രധാനമാണ്. അതിന് ഈ കരാര്‍ സഹായിക്കും' - വില്യംസണ്‍ പറഞ്ഞു.

കായികരംഗത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഡേവിഡ് വൈറ്റ് പ്രതികരിച്ചു.

പുതിയ കരാറില്‍ കൂടുതല്‍ ആഭ്യന്തര വനിത താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 54ല്‍ നിന്നും 72ലേക്കാണ് കരാറില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ഉയര്‍ന്നത്. ആഭ്യന്തര വനിതകളുടെ വാര്‍ഷിക കരാറുകളുടെ എണ്ണം ഒരു ടീമിന് ഒമ്പതില്‍ നിന്നും 12 ആയും ഉയര്‍ത്തും.

നിലവില്‍ ടെസ്റ്റില്‍ 10,250 ഡോളര്‍, ഏകദിനത്തില്‍ 4,000 ഡോളര്‍, ട്വന്റി 20-യില്‍ 2,500 ഡോളര്‍ എന്നിങ്ങനെയാണ് പുരുഷ താരങ്ങളുടെ വേതനം. കരാര്‍ നിലവില്‍ വരുന്നതോടെ ഇതേ തുക വനിതാ താരങ്ങള്‍ക്കും ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.