ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ യുദ്ധ ലോബി; പുടിന്റെ പതനമാണ് ഇവരുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെസ്യൂട്ട് വൈദീകന്റെ വെളിപ്പെടുത്തല്‍

ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ യുദ്ധ ലോബി; പുടിന്റെ പതനമാണ് ഇവരുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെസ്യൂട്ട് വൈദീകന്റെ വെളിപ്പെടുത്തല്‍

പാരീസ്: ലോകത്തെ സാമ്പത്തിക സ്ഥിതിയെ ആകെ തകര്‍ക്കുന്ന റഷ്യ-ഉക്രെയന്‍ യുദ്ധത്തിന് പിന്നില്‍ യുദ്ധ ലോബികളാണെന്നും റഷ്യയുടെ ഭരണമാറ്റമാണ് ഇവരുടെ ലക്ഷ്യമെന്നുമുള്ള വെളിപ്പെടുത്തലുമായി ജെസ്യൂട്ട് വൈദീകനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഫാ. ഗെയ്ല്‍ ജിറൗഡ്. റഷ്യയെ തകര്‍ക്കാന്‍ 2014 മുതലുള്ള പദ്ധതിയുടെ ഭാഗമാണി യുദ്ധം. അതില്‍ സര്‍വ്വനാശം സംഭവിക്കുന്നത് ഉക്രെയ്‌നാണെന്നും യുദ്ധം അവസാനിക്കുമ്പോള്‍ മറ്റൊരു വിയറ്റ്‌നാമായി ഉക്രെയ്ന്‍ മാറുമെന്നും വത്തിക്കാന് പ്രത്യേകമായി നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

പുതിയ ലോക സംഘടനത്തിലേക്കാണ് യുദ്ധം നയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സന്ധിയിലും സമാധാനത്തിലും യുദ്ധം അവസാനിക്കുമെന്നതിന്റെ വിദൂര സാധ്യതപോലും കാണാനാകുന്നില്ല. കാരണം ഇതിന് പിന്നിലുള്ളവര്‍ക്ക് വേണ്ടത് റഷ്യന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ പുടിന്റെ പടി ഇറങ്ങലാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുദ്ധ ലോബികള്‍ ആഗ്രഹിക്കുന്നില്ല.

പുടിനെ അട്ടിമറിക്കുന്നതിലൂടെ റഷ്യ കൂടുതല്‍ പാശ്ചാത്യ അനുകൂല രാജ്യമായി മാറ്റാനാകും. പുടിന്റെ പിന്‍ഗാമിയെന്ന് കരുതപ്പെടുന്ന നിക്കോളായ് പത്രുഷേവ് പുടിന്റെ ആശയങ്ങള്‍ ഏറെക്കുറെ പിന്തുടരുന്ന ആളാണ്. അതുകൊണ്ടുതന്നെ പുടിന ശേഷവും ഈ അസ്ഥിരത തുടരും. അതു തുടര്‍ യുദ്ധങ്ങള്‍ക്ക് കളമൊരുക്കിക്കൊണ്ടേിയിരിക്കും.

യൂറോപ്യന്‍ രാജ്യങ്ങള്‍ ആത്മാര്‍ത്ഥയോടെയാണ് ഉക്രെയ്‌നെ സഹായിക്കുന്നതെന്ന് കരുതാനാകില്ല. റഷ്യന്‍ സൈന്യത്തെ നേരിടാന്‍ ഉക്രേനിയന്‍ സൈന്യത്തിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ മറുവശത്ത് അവര്‍ റഷ്യന്‍ ഗ്യാസും എണ്ണയും റൂബിളില്‍ പണം നല്‍കി വാങ്ങുന്നത് തുടരുകയാണ്. അങ്ങനെ യൂറോപ്പ് യുദ്ധത്തിന് ധനസഹായം നല്‍കുന്നു. റഷ്യയ്ക്കെതിരായ ഉപരോധങ്ങളൊക്കെ ഒരര്‍ത്ഥത്തില്‍ റഷ്യയെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച അസന്തുലിതാവസ്ഥയില്‍ രൂപം നല്‍കിയ ഐക്യരാഷ്ട്രസഭ ഈ യുദ്ധത്തില്‍ ഒന്നും ചെയ്യുന്നില്ല. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ പോലും നിഷ്‌ക്രിയമായിരുന്നു ഐക്യരാഷ്ട്ര സഭ.

യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് ഞങ്ങള്‍ ഇപ്പോഴും കണക്കാക്കാനാകില്ല. 600 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യമായ ധാന്യം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രാജ്യമാണ് ഉക്രെയ്ന്‍. ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുദ്ധം എങ്ങനെ അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നത് എല്ലാവരും കാണുന്നതല്ലെ. യുദ്ധത്തിന്റെ തുടര്‍ച്ച ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ ഭക്ഷ്യ ദുരന്തവും പണപ്പെരുപ്പത്തിനും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.