പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്നുള്ള നാസയുടെ രണ്ടാമത് റോക്കറ്റും കുതിച്ചുയര്‍ന്നു. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആര്‍ന്‍ഹേം ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാത്രി 11.15നായിരുന്നു വിക്ഷേപണം.
വിദൂര ആല്‍ഫ സെന്റോറി നക്ഷത്ര വ്യവസ്ഥയുടെ രഹസ്യങ്ങള്‍ പര്യവേക്ഷണം ചെയ്യുകയെന്ന ലക്ഷ്യത്തിനായി സിസ്റ്റൈന്‍ മൂന്ന് എന്ന് പേരിട്ട സബോര്‍ബിറ്റല്‍ സൗണ്ടിംഗ് റോക്കറ്റാണ് ഇന്നലെ ആകാശം തൊട്ടത്. നിശ്ചിത സമയത്തുള്ളില്‍ തന്നെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനുകുമെന്ന് ബഹിരാകാശ സ്ഥാപനമായ ഇക്വറ്റോറിയല്‍ ലോഞ്ച് ഓസ്ട്രേലിയയുടെ ശാസ്ത്രജ്ഞന്‍ ജോണ്‍ കാര്‍സ്റ്റണ്‍ പറഞ്ഞു.
മുന്‍ നിശ്ചയിച്ച പ്രകാരം ജൂലൈ നാലിന് രണ്ടാം റോക്കറ്റിന്റെ വിക്ഷേപണം ലക്ഷ്യമിട്ടിരുന്നത്. മോശം കാലാവസ്ഥയും മഴയും കാരണം വിക്ഷേപണം നടത്താന്‍ 52 മണിക്കൂര്‍ വൈകി. 12 മീറ്റര്‍ ഉയരവും 2,200 കിലോഗ്രാം ഭാരവുമുളള റോക്കറ്റില്‍ നാസയുടെ ഒരു ഉപഗ്രഹം മാത്രമാണുള്ളത്.
അമേരിക്കയ്ക്ക് പുറത്തുള്ള നാസയുടെ ആദ്യ വാണിജ്യ വിക്ഷേപണ പദ്ധതിയിലെ രണ്ടാമത്തെ റോക്കറ്റാണ് ഇന്നലെ വിക്ഷേപിച്ചത്. ആദ്യ റോക്കറ്റ് കഴിഞ്ഞ മാസം 27 ന് വിക്ഷേപിച്ചിരുന്നു. ഈ ശ്രണിയിലെ മൂന്നാമത് റോക്കറ്റ് കലാവസ്ഥ അനുകൂലമായാല്‍ ജൂലൈ 12 ന് വിക്ഷേപിക്കും.
കാല്‍ നൂറ്റാണ്ടിനു ശേഷമാണ് കഴിഞ്ഞ 27ന് ഓസ്ട്രേലിയന്‍ മണ്ണില്‍നിന്ന് നാസയുടെ റോക്കറ്റ് കുതിച്ചുയരുന്നത്. ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. നാസയുടെ എഴുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ ഓസ്ട്രേലിയയില്‍ താമസിച്ചാണ് വിക്ഷേപണ ജോലികള്‍ പൂര്‍ത്തിയാക്കിയത്.
അമേരിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള പങ്കാളിത്തം ഈ വിക്ഷേപണത്തോടെ വീണ്ടും ഊട്ടിയുറപ്പിച്ചതായി യുഎസ് കോണ്‍സല്‍ ജനറല്‍ കാത് ലീന്‍ ലൈവ്‌ലി വിക്ഷേപണ ദിവസത്തില്‍ പ്രതികരിച്ചിരുന്നു. ഓസ്‌ട്രേലിയയ്ക്ക് ഇത് അങ്ങേയറ്റം അഭിമാനകരമായ നിമിഷമാണെന്നാണ് ചടങ്ങില്‍ പങ്കെടുത്ത നോര്‍ത്തേണ്‍ ടെറിട്ടറി ചീഫ് മിനിസ്റ്റര്‍ നതാഷ ഫൈല്‍സ് പറഞ്ഞത്.
ഇതിനു മുന്‍പ് 1995-ലാണ് ഓസ്ട്രേലിയയില്‍ നിന്ന് നാസ ആദ്യമായി റോക്കറ്റ് അയയ്ക്കുന്നത്. അന്ന് റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ വൂമേറ റേഞ്ച് കോംപ്ലക്സിലായിരുന്നു വിക്ഷേപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.