ഫാ. സ്റ്റാന്‍ സ്വാമി നീതി നിഷേധിക്കപ്പെട്ട മനുഷ്യവകാശ പ്രവര്‍ത്തകന്‍: ബിഷപ്പ് അലക്‌സ് വടക്കുംതല

ഫാ. സ്റ്റാന്‍ സ്വാമി നീതി നിഷേധിക്കപ്പെട്ട മനുഷ്യവകാശ പ്രവര്‍ത്തകന്‍: ബിഷപ്പ് അലക്‌സ് വടക്കുംതല

കൊച്ചി: ജാര്‍ഖണ്ഡിലെ ആദിവാസികളോട് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തുന്ന ചൂഷങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഐഎന്‍എ ഭീകരന്‍ എന്ന് മുദ്രകുത്തി യുഎപിഎ ചുമത്തി ജയിലില്‍ അടച്ച ഭരണകൂട ഭീകരതയുടെ ഇരയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെന്ന് കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല.

ഫാ സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ള കേസില്‍ കുടുക്കി ജാമ്യം നിഷേധിച്ച് ജയില്‍ അടച്ച ഫാ. സ്റ്റാന്‍ സ്വാമി മുംബൈയില്‍ ജൂഡിഷ്യല്‍ കസ്റ്റഡിയിലിരിക്കേ ആശുപത്രിയിലാണ് മരണമടഞ്ഞത്. പാര്‍ക്കിന്‍സെന്‍സ് രോഗ ബാധിതനായ അദ്ദേഹത്തിന് ജയിലില്‍ കടുത്ത അനീതിയാണ് നേരിടേണ്ടി വന്നത്.

രോഗിയായ അദ്ദേഹത്തിന് ജയിലില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ജയില്‍ അധികാരികള്‍ നിഷേധിച്ചു. തുടര്‍ന്ന് കോവിഡ് ബാധിതനായ അദ്ദേഹത്തെ കോടതി ഇടപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് അദ്ദേഹം 2021 ജൂലൈ അഞ്ചിന് മരണത്തിനു കീഴടങ്ങി.

സ്റ്റാന്‍ സ്വാമിയോടൊപ്പം അവസാന നാളുകളില്‍ ഉണ്ടായിരുന്ന പ്രമുഖ ജെസ്യൂട്ട് വൈദികന്‍ ഡോ. ഫ്രേസര്‍ മാസ്‌ക്കാരനസ് അനുസ്മരണ പ്രഭാഷണം നടത്തി. ഫാ.റൂബിള്‍ മാര്‍ട്ടിന്‍ എസ്.ജെ അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ, കെസിവൈഎം ലാറ്റിന്‍, തിയോളജിക്കല്‍ വിസ്ഡം സ്റ്റുഡന്‍സ് ഫോറം എന്നിവര്‍ സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ സഭയുടെ വക്തവുമായ ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നോറോണ കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന്‍, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, തിയോളജി വിസ്ഡം സ്റ്റുഡന്റസ് ഫോറം പ്രസിഡന്റ് പ്രകാശ് പീറ്റര്‍, ജിജോ ജോണ്‍.പി.ജെ, ജോയി ഗോതുരുത്ത്, ഫാ. അലക്‌സ് കളരിക്കല്‍, ഫാ. ഷാനു ഫെര്‍ണാണ്ടസ്, ബിജു ജോസി, ജോസഫ് ആഞ്ഞിപറമ്പില്‍, റീന ജേക്കബ്, അമല, എന്നിവര്‍ സംസാരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.