അനുദിന വിശുദ്ധര്‍- ജൂലൈ 08
ഈസ്റ്റ് ഏയ്ഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്.
ചെറുപ്പത്തില്‍ തന്നെ ദൈവീക സേവനത്തോട് താല്‍പര്യം കാണിച്ചിരുന്ന വിത്ത്ബര്‍ഗ് നോര്‍ഫോക്കിലെ ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം കഠിനമായ ജീവിത രീതികളുമായി ഏകാന്തവാസം നയിച്ചു. പില്‍ക്കാലത്ത് 'വിത്ത്ബര്‍ഗ്‌സ്റ്റോ' എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.
പിതാവിന്റെ മരണ ശേഷം വിത്ത്ബര്‍ഗ് തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. ആ കാലത്ത് ഏതാണ്ട് വിജനമായി കിടന്നിരുന്ന ഈ സ്ഥലം ഇന്ന് നോര്‍ഫോക്കിലെ അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രമാണ്. വിത്ത്ബര്‍ഗ് അവിടെ ദൈവഭക്തിയുള്ള കുറച്ച് കന്യകമാരെ ഒരുമിച്ച് കൂട്ടുകയും ഒരു ദേവാലയത്തിനും കന്യകാ മഠത്തിനും അടിത്തറയിടുകയും ചെയ്തു. എന്നാല്‍ അവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 743 മാര്‍ച്ച് 17 ന് വിത്ത്ബര്‍ഗ് മരണമടഞ്ഞു.
ഡെറെഹാമിലെ ദേവാലായാങ്കണത്തിലാണ് വിത്ത്ബര്‍ഗിനെ ആദ്യം അടക്കം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് 55 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശുദ്ധയുടെ മൃതദേഹത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലായെന്ന് കണ്ടതിനാല്‍ അത് ദേവാലയത്തിനുള്ളിലേക്ക് മാറ്റി. ഈ സംഭവത്തിന് ശേഷം 176 വര്‍ഷങ്ങള്‍ കഴിഞ്ഞ് 974 ല്‍ ബ്രിത്ത്‌നോത്ത് എഡ്ഗാര്‍ രാജാവിന്റെ സമ്മതത്തോട് കൂടി മൃതദേഹം ഏലിയിലേക്ക് മാറ്റുകയും വിത്ത്ബര്‍ഗിന്റെ സഹോദരിമാരുടെ മൃതദേഹങ്ങള്‍ക്കരികിലായി അടക്കം ചെയ്യുകയും ചെയ്തു.
സഹോദരിമാരായ നാല് വിശുദ്ധകളുടെയും ഭൗതീകാവശിഷ്ടങ്ങള്‍ 1106 ല്‍ പുതിയൊരു ദേവാലയത്തിലേക്ക് മാറ്റി. അവിടുത്തെ അള്‍ത്താരക്ക് സമീപം സ്ഥാപിച്ചു. വിശുദ്ധരായ സെക്കു ബുര്‍ഗായുടേയും എര്‍മെനില്‍ഡായുടേയും മൃതദേഹങ്ങളുടെ അസ്ഥികള്‍ ഒഴികെ ബാക്കിയെല്ലാം പൊടിയായി മാറി. വിശുദ്ധ ഓഡ്രിയുടെ മൃതദേഹം പൂര്‍ണമായും യാതൊരു കുഴപ്പവും കൂടാതെ കാണപ്പെട്ടു.
വിശുദ്ധ വിത്ത്ബര്‍ഗിന്റെ മൃതദേഹമാകട്ടെ യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുക മാത്രമല്ല ഒട്ടും തന്നെ പഴക്കം തോന്നാത്ത അവസ്ഥയിലുമായിരുന്നു. വെസ്റ്റ്മിനിസ്റ്ററിലെ സന്യാസിയായിരുന്ന വാര്‍ണര്‍ വിശുദ്ധയുടെ മൃതദേഹത്തിന്റെ കൈകളും കാലുകളും പാദങ്ങളും വിവിധ ദിശകളില്‍ ചലിപ്പിച്ച് ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു.
1094 ല്‍ തന്റെ സഭയെ നോര്‍വിച്ചിലേക്ക് മാറ്റിയ തെറ്റ്‌ഫോര്‍ഡിലെ മെത്രാനായിരുന്ന ഹെര്‍ബെര്‍ട്ട് ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ഇതിനു ദൃക്‌സാക്ഷികളായിരുന്നു. 1107 ല്‍ എഴുതിയ ഒരു പുസ്തകത്തിലൂടെ ഏലിയിലെ ഒരു സന്യാസിയായിരുന്ന തോമസ് ആണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്.
അദ്ദേഹം പറഞ്ഞിരിക്കുന്നതനുസരിച്ച് വിശുദ്ധ വിത്ത്ബര്‍ഗിനെ ആദ്യം അടക്കിയിരുന്ന സ്ഥലമായ ഡെറെഹാമിലെ ദേവാലായാങ്കണത്തില്‍ ശുദ്ധ ജലത്തിന്റെ ഒരു വലിയ ധാര പൊട്ടിപ്പുറപ്പെട്ടു. അത് പിന്നീട് 'വിത്ത്ബര്‍ഗിന്റെ കിണര്‍' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
ആദ്യകാലങ്ങളില്‍ വളരെയേറെ പ്രസിദ്ധിയാര്‍ജിച്ച ആ ജലധാരയെ പിന്നീട് കല്ലുകെട്ടി പാകുകയും മറയ്ക്കുകയും ചെയ്തു. അതില്‍ നിന്നും ഉണ്ടായ മറ്റൊരരുവി കൊണ്ട് ഒരു ചെറിയ കിണര്‍ പിന്നീട് രൂപം കൊണ്ടിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1.ജനോവായിലെ ആള്‍ബെര്‍ട്ട്
2. ട്രെവേസിലെ ഔസ്പീഷ്യസ്
3. ടൌളിലെ ബിഷപ്പായിരുന്ന ഔസ്പീഷ്യസ്
4. റോമന്‍ ദമ്പതികളായ അക്വിലായും പ്രിഷില്ലായും
5. ബോനെവെന്തോ ബിഷപ്പായിരുന്ന അപ്പൊളോണിയസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26