ടെക്‌സാസ് അതിര്‍ത്തി കടക്കുന്ന കുടിയേറ്റക്കാര്‍ ഡ്രോണ്‍ കാമറയില്‍; അധിനിവേശ ഭീഷണി നേരിടുന്നതായി പ്രദേശവാസികള്‍

ടെക്‌സാസ് അതിര്‍ത്തി കടക്കുന്ന കുടിയേറ്റക്കാര്‍ ഡ്രോണ്‍ കാമറയില്‍;  അധിനിവേശ ഭീഷണി നേരിടുന്നതായി പ്രദേശവാസികള്‍

ടെക്‌സാസ്: യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം ഒഴിവാക്കാന്‍ ടെക്സാസ് ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനിടെ, അഞ്ഞൂറിലധികം കുടിയേറ്റക്കാര്‍ നിരനിരയായി ടെക്‌സാസ് അതിര്‍ത്തി കടക്കുന്നതിന്റെ ഡ്രോണ്‍ വീഡിയോ പുറത്ത്.

ക്യൂബയില്‍ നിന്നും വെനസ്വേലയില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് ടെക്‌സാസിലെ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്നത്. മെക്സിക്കോയുമായുള്ള അതിര്‍ത്തി പങ്കിടുന്ന ടെക്സാസിലെ ഈഗിള്‍ പാസ് സ്റ്റേഷനിലൂടെയാണ് കുടിയേറ്റക്കാര്‍ എത്തുന്നത്. നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ തടഞ്ഞുവച്ചു.

100 വര്‍ഷത്തോളം പഴക്കമുള്ള ഈഗിള്‍ പാസ് സ്റ്റേഷനിലൂടെ അനധികൃതമായി കടന്ന 500-ലധികം കുടിയേറ്റക്കാരെ വീഡിയോയില്‍ കാണാമെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനായി ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ജഡ്ജിമാരും ഉവാള്‍ഡ, കിന്നി, ഗോലിയാഡ്, ടെറല്‍ കൗണ്ടികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശ്രമിക്കുന്നതിനു പിന്നാലൊണ് ഈ ഒഴുക്കുണ്ടായത്.

ടെക്‌സാസിലെ പല കൗണ്ടികളിലും കുടിയേറ്റ പ്രതിസന്ധിയെ അധിനിവേശമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ പ്രഖ്യാപനങ്ങള്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് സംസ്ഥാനമൊട്ടാകെ ഒരു പ്രഖ്യാപനത്തിലേക്കു നയിക്കാന്‍ വഴിയൊരുക്കുമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വസിക്കുന്നത്.


ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട്

കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ ഒഴുക്കു മൂലം ഈ മേഖലകളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഇവര്‍ വിവരിക്കുന്നു. തങ്ങളുടെ പ്രദേശത്തെ 17,000 ഏക്കര്‍ കൃഷിയിടം അനധികൃത കുടിയേറ്റക്കാര്‍ നശിപ്പിച്ചതായി ടെറല്‍ കൗണ്ടി ജഡ്ജിയായ ഡെയ്ല്‍ കാര്‍ട്ടേഴ്സ് പറയുന്നു.

'ടെക്‌സസിന്റെ അതിര്‍ത്തി മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കേണ്ടതുണ്ട്. മേയ് മാസത്തില്‍ മാത്രം തന്റെ വീടിനു തൊട്ടുപിന്നില്‍നിന്ന് 49 നിയമവിരുദ്ധരെയാണ് പിടികൂടിയതെന്ന് കാര്‍ട്ടേഴ്‌സ് പറഞ്ഞു. തന്റെ കമ്മ്യൂണിറ്റിയില്‍ ആയിരത്തില്‍ താഴെ മാത്രമേ താമസക്കാരുള്ളൂ; ഓരോ ദിവസവും ഇവിടുള്ളവര്‍ അധിനിവേശം ഭയന്നാണ് ജീവിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൂസ്റ്റണിനും ബ്രാക്കറ്റ്വില്ലിനും ഇടയിലുള്ള ഗോലിയഡ് കൗണ്ടിയുടെ ജഡ്ജിയാണ് മൈക്ക് ബെന്നറ്റ്. കുടിയേറ്റക്കാര്‍ പതിവായി വരുന്ന മേഖലയാണിത്. വീടുകളുടെ വേലിക്ക് കേടുപാടുകള്‍ വരുത്തുകയും വാഹനങ്ങള്‍ മോഷ്ടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണെന്ന് മൈക്ക് ബെന്നറ്റ് പറയുന്നു.

ഫെഡറല്‍ അധികാരികളുടെ നിഷ്‌ക്രിയത്വം മൂലം അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നു. സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് പുറമെ ടെക്സാസിലെ സ്‌കൂളുകളിലേക്കും കമ്മ്യൂണിറ്റികളിലേക്കും കുടിയേറ്റക്കാരിലൂടെ ഫെന്റനില്‍ ലഹരിമരുന്ന് കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞയാഴ്ച്ചയാണ് ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ ട്രെയിലറിനുള്ളില്‍ 51 കുടിയേറ്റക്കാരെ ചൂടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിനുള്ള വിഷയമായി അനധികൃത കുടിയേറ്റം വളര്‍ന്നിട്ടുണ്ട്.

കുടിയേറ്റത്തെ അധിനിവേശമായി പ്രഖ്യാപിച്ച് പ്രത്യേക അധികാരം നേടിയെടുത്ത് അഭയാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ അബോട്ടിനു മേല്‍ സമ്മര്‍ദമുണ്ട്.

പ്രത്യേക അധികാരം വന്നു ചേരുന്നതോടെ ഗവര്‍ണര്‍ അധികാരപരമായി ശക്തനാകും. സംസ്ഥാന പോലീസ് സേനയുടെ പൂര്‍ണാധികാരം പ്രാദേശിക സര്‍ക്കാരിലേക്കാകും. പോലീസിനെ ഉപയോഗിച്ച് കുടിയേറ്റ കോളനികള്‍ വളഞ്ഞ് ഇവരെ അറസ്റ്റ് ചെയ്ത് അതിര്‍ത്തി കടത്താനാണ് അബോട്ടിന്റെ നീക്കം. ആവശ്യം വന്നാല്‍ തടങ്കലിക്കുമെന്ന പ്രഖ്യാപനവും അബോട്ട് നേരത്തെ നടത്തിയിരുന്നു.

കൂടുതല്‍ വായനയ്ക്ക്:

കുടിയേറ്റ പ്രശ്‌നത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ടെക്‌സാസ്; ബൈഡന്റെ വീട്ടുമുറ്റത്ത് കുടിയേറ്റക്കരെ എത്തിച്ച് ഗവര്‍ണര്‍ അബോട്ടിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

ട്രംപിന്റെ കുടിയേറ്റ നിയമം പിന്‍വലിക്കാനുള്ള ബൈഡന്റെ നീക്കത്തിന് തിരിച്ചടി; ടൈറ്റില്‍ 42 റദ്ദാക്കാനുള്ള ശ്രമം കോടതി തടഞ്ഞു

ബൈഡന്റെ ഉദാര സമീപനത്തിന് മറിപടിയായി ടെക്‌സാസ് ഗവര്‍ണര്‍ വാഷിങ്ടണില്‍ എത്തിച്ചത് 922 അനധികൃത കുടിയേറ്റക്കാരെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.