ടെക്‌സാസ്: അഭയാര്‍ഥികളോടുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉദാര സമീപനത്തിന് തിരിച്ചടി നല്‍കി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് രണ്ടാഴ്ച്ചയ്ക്കിടെ തലസ്ഥാന നഗരിയായ വാഷിങ്ടണ്‍ ഡിസിയില്‍ എത്തിച്ചത് 922 അനധികൃത കുടിയേറ്റക്കാരെ. ഫെഡറല്‍ നിയമനിര്‍മ്മാതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും തെക്കന്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ബൈഡന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതിനുമാണ്് അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വാഷിംഗ്ടണിലെത്തിച്ചതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു.
മെക്‌സിക്കോയില്‍ നിന്ന് ടെക്‌സാസിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാന്‍ യുഎസ് ഭരണകൂടത്തോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കുടിയേറ്റത്തിന്റെ ഭാഗമായി ആയുധങ്ങള്‍, മയക്കുമരുന്ന്, മനുഷ്യക്കടത്ത് എന്നീ നിയമവിരുധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി നാഷണല്‍ ഗാര്‍ഡും ടെക്‌സസ് ഏജന്‍സികളും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ ലോണ്‍ സ്റ്റാറിന്റെ ഭാഗമാണ് രാജ്യതലസ്ഥാനത്തേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്ന പദ്ധതിക്ക് ടെക്‌സാസ് സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് അബോട്ട് പറഞ്ഞു.
ഏപ്രിലില്‍ ഒന്ന് മുതല്‍ 35 ബസുകളിലായി 922 കുടിയേറ്റക്കാരെ വാഷിങ്ടണിലേക്ക് കൊണ്ടുപോയി. ഒന്നാംഘട്ടത്തില്‍ സര്‍ക്കാര്‍ ചിലവിലാണ് വാഷിങ്ടണില്‍ എത്തിച്ചതെങ്കില്‍ പ്രതിപക്ഷക്കാര്‍ക്കിടയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ക്രൗഡ് ഫണ്ടിംഗിലൂടെ പദ്ധതി തുടര്‍ന്നു. 63,973 ഡോളറാണ് ദൗത്യത്തിനായി സ്വരൂപിച്ചത്.
ഓപ്പറേഷന്‍ ലോണ്‍ സ്റ്റാര്‍ ആരംഭിച്ചതിന് ശേഷം, 2,46,000 കുടിയേറ്റക്കാരെ അതിര്‍ത്തി സേന പിടികൂടി. ഇതില്‍ 15,000 പേരെ മയക്കുമരുന്നോ ആയുധങ്ങളോ കൈവശം വച്ചതിന്റെ പേരില്‍ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. 4,800 ലധികം ആയുധങ്ങളും 38 മില്യണ്‍ ഡോളറിന്റെ കറന്‍സിയും പിടിച്ചെടുത്തതായി അബട്ടിന്റെ ഓഫീസ് അറിയിച്ചു.
മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കാലത്താണ് കുടിയേറ്റം തടയുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നിയമം പാസാക്കിയത്. ജോ ബൈഡന്‍ വന്നതോടെ ഈ നിയമം ലഘൂകരിക്കുകയും കൂടുതല്‍ കുടിയേറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വാതില്‍ തുറന്നിടുകയും ചെയ്തു.
കുടിയേറ്റകാര്‍ക്കെതിരെയുള്ള നടപടി പകര്‍ച്ചവ്യാധി തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമാണെന്നാണ് ടെക്‌സാസ് ഭരണകൂടത്തിന്റെ വിശദീകരണം. കുടിയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ടൈറ്റില്‍ 42 നിയമം തടസമാണെന്നും അത് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ടെക്‌സാസ് ഉള്‍പ്പടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയാണുണ്ടായത്. തുടര്‍ന്നാണ് അധികാരം ഉപയോഗിച്ച് കുടിയേറ്റത്തെ അമര്‍ച്ച ചെയ്യാനുള്ള ശക്തമായ നടപടികളിലേക്ക് ടെക്‌സാസ് ഭരണകൂടം കടക്കുന്നത്.
https://cnewslive.com/news/27937
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.