ടോക്യോ: പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവേ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ(67) അന്തരിച്ചു.
വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം.
ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആബേയെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മകോതോ മോറിമോട്ടോ പറഞ്ഞു.
ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നും അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആബേയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം. ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആബെ. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ സൈനികനാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു.
സംഭവം അറിഞ്ഞയുടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി ജപ്പാന്‍ പധാനമന്ത്രി ഫുമിയോ കിഷിദോ ആശുപത്രിയിലേക്ക് തിരിച്ചു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാന്‍ ഹൈക്കമ്മീഷനില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബേ. 2020 ലാണ് അദ്ദേഹം അധികാരത്തില്‍ നിന്നിറങ്ങുന്നത്. 2006 ലാണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒരു വര്‍ഷമാണ് അധികാരത്തിലുണ്ടായിരുന്നത്. 2012 ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടര്‍ന്നു. 2012 ല്‍ പ്രതിപക്ഷ നേതാവായും 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.