ക്രിസ്തുവിനെ കണ്ടു... സാത്താനിക് ചര്‍ച്ചിന്റെ സഹ സ്ഥാപകന്‍ വിശ്വാസമുള്ള കുഞ്ഞാടായി; ഫേസ്ബുക്കിലെ കവര്‍ ചിത്രം ഇപ്പോള്‍ തിരുഹൃദയം

 ക്രിസ്തുവിനെ കണ്ടു... സാത്താനിക് ചര്‍ച്ചിന്റെ സഹ സ്ഥാപകന്‍ വിശ്വാസമുള്ള കുഞ്ഞാടായി; ഫേസ്ബുക്കിലെ കവര്‍ ചിത്രം ഇപ്പോള്‍ തിരുഹൃദയം

'നിങ്ങള്‍ ക്രിസ്തുവാണെങ്കില്‍ നിങ്ങള്‍ തന്നെ അത് തെളിയിക്കണമെന്ന്' സ്വീഗെലാര്‍ ക്രിസ്തുവിനോട് ആവശ്യപ്പെട്ടു.  മനോഹരമായ സ്‌നേഹവും ഊര്‍ജവും കൊണ്ട് യേശു തന്നെ മൂടിയെന്നും അങ്ങനെ താന്‍ ക്രിസ്തുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞതെന്നും സ്വീഗെലാര്‍ പറയുന്നു.

കേപ് ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ സാത്താന്‍ സേവകരായ സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ചി (എസ്.എ.എസ്.സി) ന്റെ സഹസ്ഥാപകനായ റിയാന്‍ സ്വീഗെലാര്‍ സാത്താന്‍ സേവ ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസത്തിലേക്ക്. ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതിനെ കുറിച്ച് സ്വീഗെലാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ചിലെ സാത്താനിക പ്രഘോഷകനായ സ്വീഗെലാര്‍ തന്റെ പദവിയില്‍ നിന്നും രാജിവെച്ച ശേഷം ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നടത്തിയ തത്സമയ വീഡിയോ സന്ദേശത്തിലൂടെയാണ് ക്രിസ്തുവുമായുള്ള തന്റെ അസാധാരണ കണ്ടുമുട്ടലിനെ കുറിച്ച് വിവരിച്ചത്.

തന്റെ പ്രസ്ഥാനമായ എസ്.എ.എസ്.സിയും സാത്താന്‍ ആരാധനയും ഉപേക്ഷിക്കുവാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് നൂറിലധികം പേര്‍ വാട്‌സാപ്പിലൂടെയും ഇരുനൂറിലധികം പേര്‍ ഫേസ്ബുക്കിലൂടെയും സന്ദേശങ്ങള്‍ അയച്ചതുകൊണ്ടാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സ്വീഗെലാറിന്റെ വീഡിയോ ആരംഭിക്കുന്നത്.

തന്റെ അനുഭവത്തില്‍ നിന്നും തുറന്ന ഹൃദയത്തോടെയാണ് താന്‍ സംസാരിക്കുന്നതെന്നു സ്വീഗെലാര്‍ പറയുന്നു.നിരീശ്വര വാദിയാകുന്നതിന് മുന്‍പ് 20 വര്‍ഷത്തോളം ക്രിസ്ത്യന്‍ പ്രേഷിത മേഖലയില്‍ പ്രവര്‍ത്തിച്ചിരിന്ന വ്യക്തിയായിരുന്നു സ്വീഗെലാര്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം സാത്താന്‍ ആരാധനയില്‍ എത്തിപ്പെടുന്നത്.

തകര്‍ച്ചയും ദുഖവുമാണ് തന്നെ സാത്താന്‍ ആരാധനയോട് അടുപ്പിച്ചത്. ഹൃദയം തകര്‍ന്നവരും മുറിവേറ്റവരുമാണ് സാത്താന്‍ ആരാധനയില്‍ എത്തിപ്പെടുന്നവരില്‍ ഭൂരിഭാഗമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമീപകാലത്ത് പരിധികളില്ലാത്ത ക്രിസ്തീയ സ്‌നേഹം അനുഭവിക്കുവാന്‍ കഴിഞ്ഞതാണ് സാത്താനെ വിട്ട് ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

'എന്റെ ജീവിതത്തിലൊരിക്കലും നിരുപാധിക സ്‌നേഹം ഞാന്‍ അറിഞ്ഞിരുന്നില്ല. നാല് ക്രൈസ്തവരാണ് എന്നെ ക്രിസ്തീയ സ്‌നേഹം എന്താണെന്ന് പഠിപ്പിച്ചത്. ഞാന്‍ അവരോട് നന്ദിയുള്ളവനാണ്. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കുവാന്‍ കഴിയുന്നതല്ല' - സ്വീഗെലാര്‍ പറയുന്നു.


സ്‌നേഹം കാണിച്ചു തരുന്നത് എളുപ്പമല്ല എന്ന് പറഞ്ഞ സ്വീഗെലാര്‍ താന്‍ വളരെ മോശമായ അവസ്ഥയില്‍ ജീവിച്ചിരുന്ന സമയത്താണ് തനിക്ക് ക്രിസ്തുവിന്റെ സ്‌നേഹം പ്രകടമായതെന്ന് വ്യക്തമാക്കി. സാത്താന്‍ ആരാധകനെന്ന നിലയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹം കേപ്പ് ടോക്ക് റേഡിയോയില്‍ ഒരു അഭിമുഖം നല്‍കിയിരുന്നു.

അവിടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയാണ് തികച്ചും അപ്രതീക്ഷിതമായ രീതിയില്‍ സ്വീഗെലാറിന് ക്രിസ്തുവിന്റെ സ്‌നേഹം എന്താണെന്ന് കാണിച്ചു കൊടുത്തത്. എന്നാല്‍ താന്‍ ക്രിസ്തുവിലും ക്രിസ്തുവിന്റെ അസ്ഥിത്വത്തിലും വിശ്വസിക്കുന്നില്ലെന്ന് സ്വീഗെലാര്‍ അവരോട് പറഞ്ഞു.

അഭിമുഖത്തിന് ശേഷം സ്വീഗെലാറിന്റെ അടുത്തെത്തിയ ആ സ്ത്രീ അദ്ദേഹത്തെ ആശ്ലേഷിക്കുകയാണ് ചെയ്തത്. അത്തരമൊരു സ്‌നേഹം താന്‍ അതുവരെ അനുഭവിച്ചിട്ടില്ലായെന്ന് സ്വീഗെലാര്‍ പറയുന്നു. ഒരാഴ്ചക്ക് ശേഷമാണ് അവരുടെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ നിന്നും ആ സ്ത്രീ ഒരു ക്രിസ്ത്യാനിയാണെന്ന കാര്യം സ്വീഗെലാറിന് മനസിലായത്.

പിന്നീട് സാത്താന്‍ ആരാധകനെന്ന നിലയില്‍ കൂടുതല്‍ ശക്തിയും സ്വാധീനവും നേടുന്നതിനായി പൈശാചിക ആചാരം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് യേശുവിന്റെ ദര്‍ശനമുണ്ടായെന്ന് അദ്ദേഹം പറയുന്നു. ഇത് ജീവിതത്തില്‍ വഴിത്തിരിവായി.

'നിങ്ങള്‍ ക്രിസ്തുവാണെങ്കില്‍ നിങ്ങള്‍ തന്നെ അത് തെളിയിക്കണമെന്ന്' സ്വീഗെലാര്‍ ക്രിസ്തുവിനോട് ആവശ്യപ്പെട്ടു. റേഡിയോ സ്റ്റേഷനിലെ സ്ത്രീയ്ക്കു സമാനമായ മനോഹരമായ സ്‌നേഹവും ഊര്‍ജവും കൊണ്ട് യേശു തന്നെ മൂടിയെന്നും അങ്ങനെ താന്‍ ക്രിസ്തുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞതെന്നും സ്വീഗെലാര്‍ പറയുന്നു.

സ്വവര്‍ഗാനുരാഗ ജീവിതം നയിക്കുന്ന താന്‍ ദൈവ സ്‌നേഹത്തിന് അര്‍ഹനല്ലെന്നായിരുന്നു സ്വീഗെലാര്‍ കരുതിയിരുന്നത്. എന്നാല്‍ ജീവിക്കുന്ന ദൈവവുമായി നടത്തിയ സംഭാഷണം അദ്ദേഹത്തിന്് ദൈവരാജ്യത്തേക്കുറിച്ചും ക്രിസ്തുവിന്റെ അചഞ്ചലമായ സ്‌നേഹത്തെയും കുറിച്ചും വലിയ ബോധ്യം സമ്മാനിക്കുകയായിരുന്നു.

ദൈവരാജ്യത്തിന് കവാടങ്ങള്‍ ഇല്ലെന്നും അത് എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നതാണെന്നും ആ സംഭാഷണത്തില്‍ നിന്നും മനസിലായെന്നും സ്വീഗെലാര്‍ പറയുന്നു. ക്രിസ്തുവുമായുള്ള ബന്ധത്തെക്കുറിച്ച് താന്‍ അടുത്തിടെ എഴുതിയ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാമെന്ന് ഉറപ്പു നല്‍കിക്കൊണ്ടാണ് സ്വീഗെലാറിന്റെ തത്സമയ വീഡിയോ അവസാനിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 28 ന് അദ്ദേഹം ഫേസ്ബുക്കിലെ തന്റെ കവര്‍ ചിത്രം തിരുഹൃദയമാക്കി മാറ്റുകയും ചെയ്തിരുന്നു. സ്വീഗെലാര്‍ രാജിവെച്ച കാര്യം സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.