ഫ്രാൻസിസ് തടത്തിലിന് ഇത്തവണത്തെ ഫൊക്കാനയുടെ രണ്ടാമത്തെ പുരസ്ക്കാരം;
ഫ്‌ളോറിഡ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഓൺലൈൻ / പ്രിന്റ് വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഫ്രാൻസിസ് തടത്തിലിനും വിഷ്വൽ മീഡിയാ വിഭാഗത്തിൽ അമേരിക്കയിലെ മുതിർന്ന ടെലിവിഷൻ മാധ്യമ പ്രവർത്തകനായ ജോസ് കാടാപുറത്തിനുമാണ് പുരസ്‌കാരം. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷനായ അവാർഡ് കമ്മിറ്റിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി, എക്സിക്യൂട്ടീസ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫൊക്കാന മുൻ പ്രസിഡണ്ട് ഡോ. എം. അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ , ഫൊക്കാന കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് തടത്തിൽ ഫൊക്കാന അവാർഡിന് അർഹനാവുന്നത്. 2018 ൽ നടന്ന ഫൊക്കാന കൺവെൻഷനിലും അദ്ദേഹത്തിനായിരുന്നു മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം. ഇത്തവണത്തെ ഫൊക്കാനയുടെ സാഹിത്യ വിഭാഗത്തിൽ മികച്ച ജീവിതാനുഭവ കുറുപ്പുകൾക്കുള്ള പുരസ്‌ക്കാരവും ഫ്രാൻസിസ് തടത്തിലാണ്.ഈ വർഷം ഫൊക്കാനയുടെ രണ്ടു പുരസ്കാരങ്ങൾ നേടുക വഴിയും ഫ്രാൻസിസ് ശ്രദ്ധയനാകുന്നു. കേരള ടൈംസ് ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്റർ കൂടിയായ അദ്ദേഹം കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാനയുടേതുൾപ്പെടെയുള്ള നൂറു കണക്കിനു വാർത്തകൾ വിവിധ മാധ്യമങ്ങളുടെ പ്രസിദ്ധീകരിച്ചതിനാണ് അദ്ദേഹത്തെ അവാർഡിനു പരിഗണിക്കാൻ കാരണം. അമേരിക്കയിൽ നിന്ന് ഇക്കാലയളവിൽ ഇത്രയേറെ വാർത്തകൾ പ്രസിദ്ധീകരിച്ച മറ്റൊരു മാധ്യമ പ്രവർത്തകൻ ഉണ്ടായിട്ടില്ലെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. അദ്ദേഹത്തിന്റെ ഭാഷ ശൈലിയും അവതരണ രീതിയുമാണ് അമേരിക്കയിലെ വായനക്കാരെ കൂടുതൽ ആകർഷിച്ചത്.
കേരളത്തിലും അമേരിക്കയിലുമായി 28 വർഷത്തോളമായി പത്രപ്രവർത്തന രംഗത്തു തിളങ്ങിയ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളുടെ പരമ്പര അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കാൻസർ എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിൽ വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണ് അതിൽ പ്രതിഫലിച്ചിരുന്നത്. ഒരു തൂടക്കക്കരനായ പത്രപ്രവർത്തകന്റെ (BUDDING JOURNALIST) ജീവിത കഥ പറയുന്ന 27 അധ്യായങ്ങൾ ഉൾപ്പെടുന്ന ലേഖന പരരമ്പര ഇ മലയാളി ന്യൂസ്ഈ പോർട്ടലിലാണ് പ്രസിദ്ധീകരിച്ചത്. ഇവയിൽ നിന്ന് തെരഞ്ഞടുത്ത ലേഖനങ്ങൾ ഉൾപ്പെടുത്തി 2019ൽ "നാലാം തൂണിനപ്പുറം" എന്ന പേരിൽ പുസ്തകമായി പുറത്തിറക്കി. ആ പുസ്തകത്തിനാണ് ഇത്തവണത്തെ മികച്ച ജീവിതാനുഭവ കുറുപ്പുകൾക്കുള്ള ഫൊക്കാന സാഹിത്യ പുരസ്‌ക്കാരത്തിനർഹമായത്.
തുടക്കക്കാരായ പത്ര പ്രവർത്തകർ മുതൽ പത്രപ്രവർത്തനത്തിലെ പിന്നിണിയിലുള്ള കഥകൾ അറിയാൻ താൽപര്യമുള്ളവർക്ക് ഇതൊരു പാഠ പുസ്തകം കൂടിയാണ്. അനുഭവങ്ങളുടെ --നല്ലതും ചീത്തയുമടക്കം-- ഉലയിൽ ഊതിക്കാച്ചിയപ്പോൾ പ്രകാശം പരത്തുന്ന മുത്തുകളായി മാറിയ ഓർമ്മക്കുറിപ്പുകൾ വായനക്കാരുടെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നതായിരുന്നു. അമേരിക്കയിലെയും കേരളത്തിലെയും മലയാളി വായനക്കാരുടെ മുക്തകണ്ഠം പ്രശംസനേടിയതായിരുന്നു ഫ്രാൻസിസ് തടത്തിലിന്റെ ഈ ലേഖന പരമ്പര.
ദീപിക പത്രത്തിലൂടെ പത്രപ്രവത്തക ട്രെയിനിയായി തൃശൂരിൽ പത്ര പ്രവർത്തന പരിശീലനം ആരംഭിച്ച ഫ്രാൻസിസ് തടത്തിലിലെ മാധ്യമ പ്രവർത്തകനെ ഒരു മികച്ച പത്രപ്രവർത്തകനായി വാർത്തെടുത്തത് അന്നത്തെ ദീപിക തൃശൂർ ബ്യുറോ ചീഫ് ആയിരുന്നു ഫ്രാങ്കോ ലൂയിസ് ആയിരുന്നു. അദ്ദേഹത്തിന്റെ കീഴിയിൽ മൂന്നു വർഷക്കാലം സംഭവബഹുലമായ പത്ര പ്രവർത്തനം നടത്തിയ ഫ്രാൻസിസ് ശ്രദ്ധേയമായ ഒട്ടേറെ വാർത്തകൾ ജനഹൃദയങ്ങളിലെത്തിച്ചു. തൃശൂരിലെ ഏറെ പ്രസിദ്ധമായ പ്ലാറ്റൂൺ അവാർഡ്, സംസ്ഥാനത്തെ മികച്ച പത്രപ്രവർത്തകനുള്ള പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത് പത്രപ്രവർത്തക ട്രെയിനി ആയിരുന്നപ്പോഴാണ്. അമേരിക്കയിൽ എത്തിയ ശേഷം ഫൊക്കാനയുടേതുൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഐ.പി.സി.എൻ. എയുടെ 2019 ലെ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം, 2021ൽ വേൾഡ് മലയാളി കൗൺസിലി (ഡബ്ല്യൂ.എം.സി) ന്റെ മാധ്യമ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിൽ താമസിക്കുന്ന ഫ്രാൻസിസ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നു വിരമിച്ച പരേതനായ പ്രൊഫ. ടി.കെ. മാണിയുടെയും എലിസബത്ത് മാണിയുടെയും മകനാണ്. ഭാര്യ നെസി ന്യൂജേഴ്‌സി ലിവിങ്‌സ്റ്റണിലെ സൈന്റ്റ് ബർണബാസ് മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റലിസ്റ്റ് നേഴ്‌സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു. മക്കൾ : ഐറീൻ എലിസബത്ത് തടത്തിൽ (11ത്ത് ഗ്രേഡ്), ഐസക്ക് ഇമ്മാനുവേൽ തടത്തിൽ (3ർഡ് ഗ്രേഡ്).
കൈരളി ടി. വി.യിലൂടെ ഫൊക്കാനയുടെ നിരവധി പരിപാടികൾ ലോകം മുഴുവനുമുള്ള പ്രേക്ഷകരിൽ എത്തിച്ച ജോസ് സംസ്ഥാന സർക്കാരുമായി ഫൊക്കാനയ്ക്കുള്ള ബന്ധം ഊഷ്മളമാകുവാൻ ഏറെ പ്രയത്നിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിൽ കൈരളി ടി.വിയിലൂടെ ജോസ് നൽകിയ സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തെ അവാർഡിനു പരിഗണിച്ചതെന്ന് അവാർഡ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. 2000 ൽ അമേരിക്കയിലെത്തിയ ജോസ് മാധ്യമ രംഗവുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .
നോർത്ത് അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനാണ് ജോസ് കാടാപുറം. നിലവിൽ, കൈരളി ടിവി യുഎസ്എയുടെ ഡയറക്ടർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നു. 'അക്കര കാഴ്ചകൾ' എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെയും മറ്റ് നിരവധി ഹിറ്റ് ഷോകളുടെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു അദ്ദേഹം. അദ്ദേഹം രണ്ട് ജനപ്രിയ പ്രോഗ്രാമുകൾ യുഎസ്എ പ്രതിവാര വാർത്തകളും കൈരളി ടിവിയിൽ അമേരിക്കൻ ഫോക്കസും കൈകാര്യം ചെയ്തു.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫൈഡ് പ്രസ് ഐഡിയുള്ള ചുരുക്കം ചില മലയാളി മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ജോസ് കടാപ്പുറം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കേരളാ സെന്റർ മീഡിയ അവാർഡ് പോലെ അമേരിക്കയിൽ നിന്ന് വ്യത്യസ്തമായ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു, കടപ്പുറത്തിന്റെ കുറിപ്പുകൾ എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) സഹസ്ഥാപകനാണ് അദ്ദേഹം. എറണാകുളം മഹാരാജാസ് കോളജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജോസ് കാടാപുറം അമേരിക്കയിൽ ഏറ്റവും പ്രമുഖനായ മാധ്യമ പ്രവർത്തകനാണ്. ഒട്ടേറെ പ്രമുഖരുടെ അഭിമുഖങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനായി മാറിയ ജോസ് കാടാപുറം ഉൾപ്പെടെ ആറു പേർ ചേർന്നാണ് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ. എ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്ത്. അമേരിക്കൻ മലയാളികൾ ഏറെ ആദരവോടെയും സ്നേഹത്തോടെയും കാണുന്ന ജോസ് അമേരിക്കൻ മലയാളികളിൽ കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ എല്ലാവരുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുകയും അമേരിക്കയിലും നാട്ടിലുമായി തന്നാലാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്. കൈരളി ടി. വിയിലൂടെ അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങൾ വാർത്തകളിലൂടെ കേരള സർക്കാരിന്റെ ശ്രദ്ധയിൽ കോണ്ടുവന്ന ജോസ് പല രാഷ്ട്രീയ സാംസകാരിക നേതാക്കന്മാരെയും കൈരളി ടി.വി. വഴിയും ഐ.പി.സി.എൻ. എയിലൂടെയും നോർത്ത് അമേരിക്കൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ ജോസ് കടപ്പുറത്തിന് മുഖ്യമന്ത്രി പിണറായി വിജയനുകൾപ്പെടെ കേരളത്തിലെ ഒട്ടേറെ പ്രമുഖ നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിലെ ഏറ്റുവും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും കൈരളി ടി.വിയുടെ എം.ഡി.യും രാജ്യ സഭ എംപിയുമായ ജോൺ ബ്രിട്ടാസാണ് ജോസിലെ മാധ്യമ പ്രവർത്തകനെ രൂപപ്പെടുത്തി വളർത്തിയെടുത്തത്. ഫൊക്കാനയുടെ മാധ്യമ സെമിനാറിന്റെ കമ്മിറ്റി ചെയർമാൻ കൂടിയാണ് ജോസ്. ഭാര്യ: ജെസി (നേഴ്‌സ് പ്രാക്ടീഷണർ ) മക്കൾ: ക്രിസ്റ്റി , സാറ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.