ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയുടെ അന്ത്യനിമിഷങ്ങള്‍ ക്യാമറയില്‍; പതിഞ്ഞത് വൈകാരിക മുഹൂര്‍ത്തങ്ങള്‍

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയുടെ അന്ത്യനിമിഷങ്ങള്‍ ക്യാമറയില്‍; പതിഞ്ഞത് വൈകാരിക മുഹൂര്‍ത്തങ്ങള്‍

നാരാ: മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ വെള്ളിയാഴ്ച രാവിലെ വെടിയേറ്റ് കൊല്ലപ്പെട്ട നിമിഷങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞപ്പോള്‍ കിട്ടിയത് അത്യന്തം വൈകാരികമായ മുഹൂര്‍ത്തങ്ങള്‍.

യമറ്റോ സൈദായിജി റെയില്‍വേ സ്റ്റേഷന് പുറത്ത് ഷിന്‍സോ ആബെ ജനക്കൂട്ടത്തോട് സംസാരിക്കുന്നത്... വെടിയേറ്റ് വീഴുന്നത്... കണ്ടുനിന്നവര്‍ നിലവിച്ച് അരികിലേക്ക് ഓടിയെത്തുന്നത്... താങ്ങിയെടുക്കുന്നത്... വെടി ഉതിര്‍ത്ത ഘാതകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിസാഹസികമായി പിടികൂടുന്നത്... ഇതിന്റൊക്കെ അപൂര്‍വ്വ ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

ആബെ വെടിയേറ്റതറിഞ്ഞ് അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് തകര്‍ന്ന മനസുമായി കയറിപോകുന്ന ഭാര്യ അക്കി ആബെയുടെ ചിത്രവും അദ്ദേഹം വെടിയേറ്റ് വീണ സ്ഥലത്ത് പുഷ്പചക്രം സമര്‍പ്പിച്ച് മുട്ടുകുത്തി വിതുമ്പുന്ന സ്ത്രീയുടെ ചിത്രവുമൊക്കെ ഏറെ നൊമ്പരത്തോടെയാണ് ലോകം കണ്ടത്.

ചിത്രങ്ങള്‍...


യമറ്റോ സൈദായിജി റെയില്‍വേ സ്റ്റേഷന് പുറത്ത് ഷിന്‍സോ ആബെ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന്റെയും വെടിയേറ്റ് വീഴുന്നതിന്റെയും വീഡിയോ ദൃശ്യം



വെടിയേറ്റുവീണ ഷിന്‍സോ ആബെയുടെ അരികിലേക്ക് ഓടിയെത്തിയ ആളുകള്‍ 



വെടിയുതിര്‍ത്തതായി കരുതുന്ന 41 കാരനായ തെത്സുയ യമഗാമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിസാഹസികമായി കീഴ്‌പ്പെടുത്തുന്നു



ആബെ വെടിയേറ്റതറിഞ്ഞ് അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് തകര്‍ന്ന മനസുമായി കയറിപോകുന്ന ഭാര്യ അക്കി ആംബെ



ആബെ വെടിയേറ്റ് വീണ സ്ഥലത്ത് പുഷ്പചക്രം സമര്‍പ്പിച്ച മുട്ടുകുത്തി വിതുമ്പുന്ന സ്ത്രീ

ഞായറാഴ്ച നടക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാരയിലെ യമറ്റോ സൈദായിജി റെയില്‍വേ സ്റ്റേഷന് പുറത്ത് ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ജനക്കൂട്ടത്തോട് സംസാരിക്കവെയാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംസാരത്തിനിടയില്‍ രണ്ട് വെടിയൊച്ചകള്‍ കേട്ടു. പ്രദേശത്ത് പുക ഉയരുകയും ആബെ കുഴഞ്ഞുവീഴുന്നതുമാണ് പിന്നീടുണ്ടായത്.

കണ്ടു നിന്ന ആളുകള്‍ ഓടിക്കുടിയപ്പോള്‍ നെഞ്ചില്‍ രക്തം വാര്‍ന്ന കിടക്കുകയാണ് ആബെ. നിമിഷങ്ങള്‍ക്കകം വെടിയുതിര്‍ത്തതായി കരുതുന്ന 41 കാരനായ തെത്സുയ യമഗാമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറി. ആംബയെ നാരാ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവിന്‍ രക്ഷിക്കാനായില്ല. ഹൃദയത്തിലും കഴുത്തിന്റെ വലതുഭാഗത്തും ഉണ്ടായ ആഴത്തിലുള്ള രണ്ട് മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കര്‍ശന തോക്ക് നിയന്ത്രണമുള്ള രാജ്യമാണ് ജപ്പാന്‍. അതിനാല്‍ തന്നെ താരതമ്യേന തോക്ക് ആക്രമണങ്ങള്‍ ഇവിടെ കുറവാണ്. 125 ദശലക്ഷം ജനസംഖ്യയുള്ള ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം തോക്കുമായി ബന്ധപ്പെട്ട 10 ക്രിമിനല്‍ കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതി ഉപയോഗിച്ചത് വീട്ടില്‍ നിര്‍മിച്ച നാടന്‍ തോക്ക് ആയിരുന്നതിനാല്‍ രാജ്യത്തെ തോക്ക് നിയമം ഫലപ്രദമാകില്ല എന്ന സൂചനയാണ് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.