റിഷി സുനക് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായേക്കും; സൂചനകള്‍ക്ക് ബലമേകി സുനകിന്റെ ട്വിറ്റര്‍ വീഡിയോ

റിഷി സുനക് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായേക്കും; സൂചനകള്‍ക്ക് ബലമേകി സുനകിന്റെ ട്വിറ്റര്‍ വീഡിയോ

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന സൂചനകള്‍ക്ക് കൂടുതല്‍ ബലമേറുന്നു. പ്രധാനമന്ത്രിയാകാനുള്ള താല്‍പര്യം അദ്ദേഹം നേരിട്ട് തന്നെ അറിയിച്ചു. താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടുത്ത നേതാവാകാനും നിങ്ങളുടെ പ്രധാനമന്ത്രിയാകാനുമാണ് നിലകൊള്ളുന്നതെന്ന സുനിക്കിന്റെ ട്വീറ്റ് ഇതിന്റെ സൂചനയായാണ് രാഷ്ട്രീയ ലോകം വിശകലനം ചെയ്യുന്നത്.

''റെഡി ഫോര്‍ റിഷി'' എന്ന മുദ്രാവാക്യത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് സുനകിന്റെ പ്രഖ്യാപനം വന്നത്. ''ഞാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടുത്ത നേതാവാകാനും നിങ്ങളുടെ പ്രധാനമന്ത്രിയാകാനുമാണ് നിലകൊള്ളുന്നത്,'' അദ്ദേഹം പറഞ്ഞു. 'നമുക്ക് വിശ്വാസം പുനഃസ്ഥാപിക്കാം, സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മിക്കാം, രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാം.' എന്നും ട്വീറ്റില്‍ പറയുന്നു.


പ്രധാനമന്ത്രി സ്ഥാനത്തിനായി കണ്ണും നട്ടിരിക്കുന്ന 15 ഓളം കണ്‍സര്‍വേറ്റീവ് എംപിമാരെ പിന്തള്ളിയാണ് പാര്‍ട്ടിയില്‍ ഏറെക്കുറെ ശക്തനായ സുനക്കിന്റെ പേര് ഉയര്‍ന്നത്. നൂറോളം എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരോട് വ്യക്തമാക്കി. മുന്‍ ചീഫ് വിപ്പ് മാര്‍ക്ക് ഹാര്‍പ്പര്‍, മുന്‍ പാര്‍ട്ടി കോ-ചെയര്‍മാര്‍ ഒലിവര്‍ ഡൗഡന്‍, ഹൗസ് ഓഫ് കോമണ്‍സ് നേതാവ് മാര്‍ക്ക് സ്‌പെന്‍സര്‍ എന്നിവര്‍ പരസ്യമായി പിന്തുണയ്ച്ച് രംഗത്ത് വന്നത് അദ്ദേഹത്തിന് കൂടുതല്‍ കരുത്തായി.

പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന സ്വയം പ്രഖ്യാപിച്ച ടോറി ടോം തുഗെന്‍ദാറ്റ്, കെമി ബാഡെനോക്ക് എന്നിവരുടെ നയങ്ങളെ സുനക് വിമര്‍ശിച്ചു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ സഖ്യകക്ഷികളും പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് പ്രീതി പട്ടേലിനെയും സുനക് വിമര്‍ശിച്ചു. പ്രതിരോധ സെക്രട്ടറി ബെന്‍ വാലസും തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് കേള്‍ക്കുന്നത്. സാജിദ് ജാവിദ്, ജെറമി ഹണ്ട് എന്നിവരുള്‍പ്പെടെ മറ്റ് കാബിനറ്റ് മന്ത്രിമാര്‍ വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രിട്ടനില്‍ ഏറെ ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനകിന്റെ ജനപ്രീതിയുയര്‍ന്നത്. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ വന്‍ ശ്രദ്ധയാകര്‍ഷിച്ചു.

സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമാണ് ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയറിയിച്ച് റിഷി സുനക് രാജിവെച്ചത്. പിന്നാലെ പത്തോളം മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയും ബോറിസ് ജോണ്‍സണ് രാജിവെക്കേണ്ടി വരുകയും ചെയ്തു.



ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയാകാന്‍ ഏറെ സാധ്യത റിഷി സുനകിനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. റിഷി സുനക് പ്രധാനമന്ത്രിയായാല്‍ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും അദ്ദേഹം.

പഞ്ചാബില്‍ നിന്നാണ് റിഷി സുനകിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. ഫാര്‍മസിസ്റ്റായ ഉഷാ സുനകിന്റെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജനറല്‍ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണില്‍ സുനക് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്ന് 2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച പ്രധാന നേതാവായിരുന്നു ഇദ്ദേഹം. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭാര്യ. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.