കൊളംബോ: ശ്രീലങ്കയില്‍ കലാപം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ. സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഉടന്‍ പാര്‍ലമെന്റ് വിളിച്ചു കൂട്ടണമെന്നാവശ്യപ്പെട്ട് റെനില്‍ വിക്രമ സിംഗെ സ്പീക്കര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.
അതിനിടെ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വസതിയിലേക്ക് ഇരച്ചു കയറിയ പ്രക്ഷോഭകാരികള്‍ വീട്ടിലെ സ്വിമ്മിംഗ് പൂളിലും മറ്റും കുളിച്ച് ഉല്ലസിക്കുന്ന വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രസിഡന്റിന്റെ കിടപ്പു മുറിയിലെ കട്ടിലില്‍ കയറിയിരിക്കുന്ന പ്രക്ഷോഭകാരികളുടെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. പ്രസിഡന്റിന്റെ അടുക്കള വരെ ജനക്കൂട്ടം കൈയ്യേറി. വീടു വിട്ടു പോയ ഗോതബായ രജപക്സെ രാജ്യം വിട്ടെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ കൊളംബോ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ശ്രീലങ്കന്‍ നാവിക സേനയുടെ കപ്പലിലേക്ക് ബാഗുകള്‍ കയറ്റുന്ന വീഡിയോയും പുറത്തു വരുന്നുണ്ട്. വിവിഐപികളാരെങ്കിലും കപ്പല്‍ മാര്‍ഗം രാജ്യം വിട്ടതായിരിക്കാം ഇതെന്ന അഭ്യൂഹവുമുണ്ട്. വിമാനത്താവളത്തിലേക്ക് നിരവധി വിഐപി വാഹനങ്ങള്‍ പോകുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രക്ഷോഭത്തില്‍ പങ്കടുക്കുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊളംബോയിലെ പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറിയത്. പൊലീസ് കണ്ണീര്‍ വാതകം തുടര്‍ച്ചയായി പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ട്രെയ്‌നുകള്‍ ബലമായി പിടിച്ചെടുത്താണ് ജനങ്ങള്‍ കൊളംബോയിലേക്ക് എത്തുന്നത്.
അതേസമയം തലസ്ഥാനമായ കൊളംബോയ്‌ക്കൊപ്പം പശ്ചിമ പ്രവിശ്യയിലെ ഏഴ് ഡിവിഷനുകളില്‍ കൂടി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നെഗോംബോ, കെലാനിയ, നുഗെഗോഡ, മൗണ്ട് ലാവിനിയ, നോര്‍ത്ത് കൊളംബോ, സൗത്ത് കൊളംബോ, കൊളംബോ സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.