ശ്രീലങ്കയുമായി നല്ലബന്ധം: സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് എസ് ജയശങ്കര്‍

ശ്രീലങ്കയുമായി നല്ലബന്ധം: സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് എസ് ജയശങ്കര്‍

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ ശ്രമിക്കുകയാണ്. എല്ലാകാലവും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയില്‍ വന്‍ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പിരിഞ്ഞു പോകാന്‍ തയ്യാറാവാതെ രണ്ടര ലക്ഷത്തോളം പ്രക്ഷോഭകര്‍ കൊളംബോയില്‍ തുടരുകയാണ്. രാജിക്ക് പ്രസിഡന്റ് മഹിന്ദ രജപക്‌സെ തയ്യാറായ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര ഡിസില്‍വ ആവശ്യപ്പെട്ടു.

ഗോത്തബയ രജപക്സെയുടെ വസതിയില്‍ നിന്ന് പ്രക്ഷോഭകര്‍ ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇത് സമരക്കാര്‍ പൊലീസിന് കൈമാറിയതായി ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വെടിവെപ്പിന്റെയും മര്‍ദ്ദനത്തിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്തു വന്നു.

അതേസമയം ശ്രീലങ്കയില്‍ താല്‍കാലിക പ്രസിഡന്റായി ഇപ്പോഴത്തെ സ്പീക്കര്‍ മഹിന്ദ അബേയ വര്‍ധനെ അധികാരമേല്‍ക്കും. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ച് പ്രധാനമന്ത്രിയും പ്രസിഡന്റും രാജിക്ക് തയ്യാറായതോടെ വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ പാര്‍ലമെന്റ് ചേര്‍ന്നേക്കും. മഹിന്ദ അബേയ വര്‍ധനെ ഒരു മാസത്തേക്ക് താല്‍കാലിക പ്രസിഡന്റായാണ് അധികാരമേല്‍ക്കുന്നത്.

ഒരു മാസത്തിന് ശേഷം എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരിനെയും പുതിയ പ്രസിഡന്റിനെയും തെരഞ്ഞെടുക്കാനാണ് പുതിയ ധാരണ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.