എഐഎഡിഎംകെ ആസ്ഥാനത്ത് തമ്മിലടിച്ച് ഒപിഎസ്-പളനിസ്വാമി വിഭാഗങ്ങള്‍; പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് സൂചന

എഐഎഡിഎംകെ ആസ്ഥാനത്ത് തമ്മിലടിച്ച് ഒപിഎസ്-പളനിസ്വാമി വിഭാഗങ്ങള്‍; പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് സൂചന

ചെന്നൈ: എഐഎഡിഎംകെയില്‍ ഒ പനീര്‍സെല്‍വം-ഇ. പളനിസ്വാമി വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത കയ്യാങ്കളിയില്‍. ഇന്ന് രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് രണ്ട് വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ചേരാനിരിക്കേയാണ് ഇ. പളനിസ്വാമിയേയും ഒ.പനീര്‍സെല്‍വത്തെയും അനുകൂലിക്കുന്നവര്‍ തമ്മില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷമുണ്ടായത്. പാര്‍ട്ടി പിടിച്ചടക്കാന്‍ പനീര്‍സെല്‍വം, പളനിസ്വാമി വിഭാഗങ്ങള്‍ തമ്മില്‍ പോരാട്ടം ശക്തമാണ്.

പാര്‍ട്ടിക്ക് ഇടക്കാല ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ഈ യോഗം തടയണമെന്ന പനീര്‍സെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയും യോഗത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

കോടതി അനുമതി നല്‍കിയതോടെ എ തമിഴ് മഹന്‍ ഹുസൈന്റെ നേതൃത്വത്തില്‍ ജനറല്‍ കൗണ്‍സില്‍, എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തുടങ്ങി. എംജിആറിന്റെയും ജെ.ജയലളിതയുടെയും ചിത്രങ്ങള്‍ക്ക് മുന്‍പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ച ശേഷമാണ് യോഗത്തിലേക്ക് കടന്നത്.

പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ ഇരുവിഭാഗവും ശ്രമിക്കുന്നതാണ് സംഘര്‍ഷത്തിന് കാരണം. എഐഎഡിഎംകെയുടെ സഖ്യകക്ഷിയായ ബിജെപി ഇതെല്ലാം കണ്ട് അവസരം കാത്തു നില്‍ക്കുകയാണ്. എഐഎഡിഎംകെ തകര്‍ന്നാല്‍ ബിജെപി ആ സ്‌പേസില്‍ കടന്നുകയറി നേട്ടമുണ്ടാക്കാമെന്നാണ് അവരുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.