ജനങ്ങളുടെ നിലവിളി ചെവിക്കൊള്ളണം; ശ്രീലങ്കന്‍ അധികാരികളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ജനങ്ങളുടെ നിലവിളി ചെവിക്കൊള്ളണം; ശ്രീലങ്കന്‍ അധികാരികളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സാമ്പത്തിക പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയുടെ നിലവിളികള്‍ക്ക് അധികാരികള്‍ ചെവികൊടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന ശ്രീലങ്കയിലെ ജനങ്ങളുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നതായി ഞായറാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം മാര്‍പ്പാപ്പ പറഞ്ഞു.

''രാജ്യത്തെ ബിഷപ്പുമാരോടൊപ്പം, സമാധാനത്തിനായുള്ള എന്റെ ആഹ്വാനം ഞാന്‍ പുതുക്കുകയും പാവപ്പെട്ടവരുടെ നിലവിളികളും ജനങ്ങളുടെ ആവശ്യങ്ങളും അവഗണിക്കരുതെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.'' സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് അഭിമുഖമായുള്ള അപ്പസ്‌തോലിക് കൊട്ടാരത്തിന്റെ ജനാലയില്‍ നിന്ന് മാര്‍പാപ്പ പറഞ്ഞു.

ഭക്ഷണം, ഇന്ധനം, ഗ്യാസ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്ലാതെ ജനങ്ങള്‍ വലയുകയാണെന്ന് ശ്രീലങ്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രതിനിധിയും കുരുനെഗല രൂപതാ ബിഷപുമായി ഹരോള്‍ഡ് ആന്റണി പെരേര പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി ജനങ്ങളെ അന്യായമായി കഷ്ടപ്പെടുത്തുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും കാണുന്നില്ല. ശ്രീലങ്കയുടെ സമൂല മാറ്റത്തിനായി മുറവിളി കൂട്ടാന്‍ ജനം നിര്‍ബന്ധിരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനായി നേതാക്കള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിലെ 15 കത്തോലിക്കാ ബിഷപ്പുമാര്‍ സംയുക്ത പ്രസ്താവന ഇറക്കി. ക്രിയാത്മകമായ സംഭാഷണത്തിലൂടെയും ദേശീയ അനുരഞ്ജനത്തിലൂടെയും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

70 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. രാജ്യത്തെ 22 ദശലക്ഷം ആളുകള്‍ അനിയന്ത്രിതമായ പണപ്പെരുപ്പത്തിലും ഇന്ധന ക്ഷാമത്തിലും ഭക്ഷ്യപ്രതിസന്ധിയിലും കഷ്ടപ്പെടുന്നു. ഭരണകര്‍ത്താക്കളുടെ വീടുകള്‍ വരെ ജനപ്രക്ഷോഭത്തിലൂടെ പിടിച്ചടക്കുന്ന സാഹചര്യവും ശ്രീലങ്കയിലുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.