വത്തിക്കാന്‍ സിറ്റി: എല്ലാവരും നല്ല സമരിയാക്കാരനെപ്പോലെ അനുകമ്പയുടെ മാതൃക സ്വീകരിക്കണമെന്നും അതുവഴി ക്രിസ്തീയസാക്ഷ്യത്തിന്റെ ചൈതന്യത്തില്‍ യേശുവിനെ അനുഗമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പാ. ത്രികാല പ്രാര്‍ത്ഥനയോടനുബന്ധിച്ചായിരുന്നു പരിശുദ്ധ പിതാവിന്റെ സന്ദേശം.
നല്ല സമരിയാക്കാരന്റെ ഉപമയെ അടിസ്ഥാനമാക്കിയായിരുന്നു മാര്‍പാപ്പയുടെ സന്ദേശം. ദിവ്യബലി മധ്യേ വായിച്ച, വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 25 മുതല്‍ 37 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിശദീകരിച്ചത്. നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണം എന്ന് ചോദിക്കുന്ന നിയമജ്ഞനുമായി യേശു നടത്തുന്ന സംഭാഷണവും അവിടുന്നു പറയുന്ന നല്ല സമരിയാക്കാരന്റെ ഉപമയുമായിരുന്നു അത്. ചുറ്റുമുള്ളവരെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതിന്റെയും അവരോട് അനുകമ്പയും ദയയും പ്രകടിപ്പിക്കേണ്ടതിന്റെയും അനിവാര്യത ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.
'നല്ല സമരിയക്കാരന്‍ ദൂരെയുള്ള തന്റെ ലക്ഷ്യസ്ഥാനത്തേക്കു യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് അവിടെയെത്തിയിട്ട് നിരവധി പദ്ധതികള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ യാത്രമധ്യേയുണ്ടായ സംഭവത്തെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുകയും അനുകമ്പാപൂര്‍ണമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നു. ഒഴികഴിവുകള്‍ തേടാതെ മുറിവേറ്റ് അര്‍ധപ്രാണനായി വഴിയില്‍ കിടന്ന മനുഷ്യനെ പരിചരിക്കുന്നു. പുരോഹിതനും ലെവായനും അവഗണിച്ച് കടന്നുപോയ സ്ഥാനത്താണ് സമരിയക്കാരന്‍, വഴിയരികില്‍ വീണുകിടന്ന മനുഷ്യന്റെ അരികിലേക്കു വരുന്നത്'.
തന്റെ ശിഷ്യന്മാരാകാന്‍ കര്‍ത്താവ് വിശ്വാസികളെ ഈ ഉപമയിലൂടെ പഠിപ്പിക്കുന്നു, നിത്യജീവന്‍ എന്ന അന്തിമ ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നോട്ട് പോകാനും അവിടെ വരെയെത്താന്‍ എല്ലായ്‌പ്പോഴും സ്വീകരിക്കേണ്ട നടപടികളില്‍ ശ്രദ്ധ ചെലുത്താനും പാപ്പ ആഹ്വാനം ചെയ്യുന്നു.
സമരിയാക്കാരനെപ്പോലെ, ക്രിസ്തുവിന്റെ ശിഷ്യന്‍ യേശുവിനെ അനുഗമിക്കുന്നു. അവന്‍ ഒരിക്കലും ഉദാസീനനാകുന്നില്ല. ആളുകളെ കാണാനും രോഗികളെ ശുശ്രൂഷിക്കാനും ഗ്രാമങ്ങളും നഗരങ്ങളും സന്ദര്‍ശിക്കുന്നു. അങ്ങനെ യേശു നയിക്കുന്ന പാതയില്‍ നാം അവനെ അനുഗമിക്കുന്നു.
അനുകമ്പയും ദയയും പ്രകടിപ്പിക്കാനാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടരുന്നതിലൂടെ ക്രിസ്ത്യാനികളായ നാം സമരിയാക്കാരനെപ്പോലെ 'സഞ്ചാരികള്‍' ആയിത്തീരുകയും യാഥാര്‍ത്ഥ്യം ശരിയായി മനസിലാക്കുകയും മുന്‍വിധികളെ മറികടന്ന് അനുകമ്പയും ഇടപെടലും നടത്തുകയും ചെയ്യുന്നു. അല്ലാതെ പുരോഹിതനും ലേവായനും ചെയ്തതുപോലെ മുറിവേറ്റു കിടന്നവനെ അവഗണിച്ച് കടന്നു പോകരുതെന്ന് മാര്‍പാപ്പ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.
സുവിശേഷം നേരായ വഴി നമ്മെ കാട്ടിത്തരുന്നു. മുന്‍വിധികളെയും പിടിവാശികളെയും അതിജീവിച്ച് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സുവിശേഷം ഓരോരുത്തരെയും പ്രാപ്താക്കുന്നു. യേശുവിനെ അനുഗമിക്കുന്നതിലൂടെ കഷ്ടപ്പെടുന്നവരെ സ്വാഗതം ചെയ്യാനും സമരിയാക്കാരനെപ്പോലെ അനുകമ്പാപൂര്‍ണമായ ഇടപെടല്‍ നടത്താനും അവിടുന്ന് നമ്മെ പ്രേരിപ്പിക്കുന്നു.
സ്വാര്‍ത്ഥത കലര്‍ന്ന നിസംഗ മനോഭാവത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും യേശുവിന്റെ പാതയില്‍ സഞ്ചരിക്കാനും വിശ്വാസികളായ നമുക്ക് കര്‍ത്താവിനോട് അപേക്ഷിക്കാം.
വഴിയില്‍ കണ്ടുമുട്ടുന്നവരെ, പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്നവരെ കാണാനും അടുത്തു ചെല്ലാനും അവരോട് അനുകമ്പ കാണിക്കാനുമുള്ള പ്രേരണയ്ക്കായി കര്‍ത്താവിനോട് അപേക്ഷിക്കാം. കരുണയുടെ കരങ്ങള്‍ നീട്ടാനും ആവശ്യമായ ഇടപെടല്‍ നടത്താനും ദൈവത്തോട് അപേക്ഷിക്കാം.
യേശുവിനെ അനുഗമിക്കുന്ന ശിഷ്യന്മാരായി മാറാന്‍ പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെ എന്നു പ്രാര്‍ഥിച്ചും ആശംസിച്ചുമാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26