ക്വീന്‍സ് ലാന്‍ഡില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു

ക്വീന്‍സ് ലാന്‍ഡില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു

ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്‍ഡില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു. രോഗബാധിതനായ വ്യക്തി ബ്രിസ്ബനിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ക്വീന്‍സ് ലാന്‍ഡ് ആരോഗ്യവിഭാഗം അറിയിച്ചു. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തും കുരങ്ങുപനി പടരാന്‍ സാധ്യതയുള്ളതിനാല്‍ േരാഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ മങ്കിപോക്‌സ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. യു.എസ്, യുകെ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുരങ്ങുകള്‍ അടക്കമുള്ള മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്നതാണ് മങ്കിപോക്‌സ് വൈറല്‍. ചിക്കന്‍ പോക്‌സ് രോഗത്തിലെന്ന പോലെ പനിയും ദേഹം മുഴുവന്‍ ചെറിയ കുമിളകളും വന്നുനിറയുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന ഈ രോഗാവസ്ഥ ആദ്യം കണ്ടെത്തിയത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. വെസ്റ്റ് ആഫ്രിക്ക, സെന്‍ട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്ന കുരങ്ങുകള്‍, അണ്ണാന്‍, ചിലയിനം എലികള്‍ തുടങ്ങിയവയില്‍ എല്ലാം കുരങ്ങുപനിക്ക് കാരണമാകുന്ന ഓര്‍ത്തോപോക്‌സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

പനി, തലവേദന, ശരീര വേദന പോലുള്ളവ കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം തന്നെ ചിക്കന്‍ പോക്‌സിനു സമാനമായ രീതിയില്‍ ചര്‍മത്തില്‍ ചെറിയ കുമിളകള്‍ രൂപപ്പെടും. കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാക്കുന്ന കുമിളകള്‍ കണ്ടാല്‍ നിലവിലെ സാഹചര്യത്തില്‍ അത് കുരങ്ങുപനിയുടെ ലക്ഷണമായി തന്നെ കണക്കാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.