ഗ്രാന്‍ഡ് സകോണെക്‌സ്: ആദ്യ മധ്യേഷ്യന്‍ സന്ദര്‍ശനത്തിനായി ബുധനാഴ്ച്ച പുറപ്പെടുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നില്‍ മധ്യസ്ഥ ആവശ്യവുമായി വേള്‍ഡ് ചര്‍ച്ച് കൗണ്‍സില്‍. വിശുദ്ധ നാടുകളില്‍ പള്ളികള്‍ക്കും വിശ്വാസികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളിലും ആശങ്കകളിലും ഇടപെടണമെന്ന അഭ്യര്‍ത്ഥനയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഫാ. ഇയോന്‍ സൗക്ക ബൈഡന് മുന്നില്‍ വയ്ച്ചത്.
മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ഭീഷണികളില്‍ ആശങ്കയിലാണ് ആഗോള സഭ. അക്രമങ്ങളും വിവേചനങ്ങളും ദിനംപ്രതി കൂടിവരുന്ന വിശുദ്ധ നാടുകളില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ആശങ്കാകുലരാണ്. ഇത്തരം ആശങ്കകള്‍ കേള്‍ക്കാനും പ്രതികരിക്കാനും മുന്നോട്ട് വരാന്‍ സന്നദ്ധമാകണമെന്ന് ഫാ. ഇയോന്‍ സൗക്ക ബൈഡന് കൈമാറിയ കത്തില്‍ പറയുന്നു.
പുണ്യഭൂമിയിലെ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം 'പാലസ്തീന്‍ അധിനിവേശം' ആണെന്നാണ് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ നീതി-സമാധാന കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. ഭൂമി തട്ടിയെടുക്കല്‍, തടങ്കലില്‍ വയ്ക്കല്‍, കെട്ടിടങ്ങള്‍ തകര്‍ക്കല്‍, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സ്തംഭനം എന്നിവയാണ് അധിനിവേശത്തിന്റെ പേരില്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. കുടിയൊഴിപ്പിക്കലും പാര്‍ശ്വവല്‍ക്കരണവും അവസാനിപ്പിക്കാനും ഈ മേഖലയില്‍ ന്യായമായ സമാധാനം പുനസ്ഥാപിക്കാനും സഹായിക്കണമെന്നും കത്തില്‍ സൗക്ക ആവശ്യപ്പെടുന്നു.
ജൂലൈ 13 മുതല്‍ 16 വരെയാണ് ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. ഇസ്രായേല്‍, അധിനിവേശ വെസ്റ്റ് ബാങ്ക്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ബുധനാഴ്ചയ്ക്ക് എത്തുന്ന ബൈഡനെ പ്രധാനമന്ത്രി യെയര്‍ ലാപിഡിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
വ്യാഴാഴ്ച്ച കിഴക്കന്‍ ജറുസലേമിലെ മൗണ്ട് ഓഫ് ഒലിവിലുള്ള അഗസ്റ്റ വിക്ടോറിയ ഹോസ്പിറ്റലില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. ഈസ്റ്റ് ജറുസലേം ഹോസ്പിറ്റല്‍ നെറ്റ്വര്‍ക്കിനുള്ള യുഎസ് ധനസഹായവും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ധനസഹായവും അവിടെവെച്ച് ബൈഡന്‍ പ്രഖ്യാപിക്കും.
തുടര്‍ന്ന് പാലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം ബെത്ലഹേമിലേക്ക് പോകും. രണ്ട് ദിവസം അവിടെ ചിലവഴിച്ച ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് സൗദി അറേബ്യയിലേക്ക് പോകും. അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും അറബ്-ഇസ്രായേല്‍ സൈനിക പങ്കാളിത്തം കുറെക്കൂടി ശക്തമാക്കുന്നതിനും ബൈഡന്റെ സന്ദര്‍ശനം സഹായകമാകും. അധികാരമേറ്റതിനുശേഷമുള്ള അദ്ദേഹത്തിന്റെ മിഡില്‍ ഈസ്റ്റ് പര്യടനമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.