കാന്‍ബെറ: ഇന്‍ഡോ-പസഫിക്കിലെ ചൈനീസ് ഭീഷണികളെ നേരിടാന്‍ അമേരിക്കയുമായി കൂടുതല്‍ അടുക്കാനുള്ള നയതന്ത്ര ശ്രമങ്ങളുമായി ഓസ്‌ട്രേലിയ. ഇന്‍ഡോ-പസഫിക്കിലെ സുരക്ഷയെ 'പ്രതിരോധത്തിന്റെ വിനാശകരമായ പരാജയം' എന്ന് വിശേഷിപ്പിച്ച ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് അമേരിക്കയുമായുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ആഹ്വാനം ചെയ്തു.
പസഫിക് മേഖലയില്‍ ചൈന വലിയ സൈനിക സന്നാഹം ഏര്‍പ്പെടുത്തുകയാണ്. ഇത് ഇന്‍ഡോ-പസഫിക്കിന്റെ തന്ത്രപ്രധാനമായ സാഹചര്യങ്ങളെ മാറ്റിമറിക്കും. ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടതുണ്ടെന്ന് മാര്‍ലെസ് തന്റെ യുഎസ് സന്ദര്‍ശനത്തിനിടെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിനോട് പറഞ്ഞു.
ഓസ്ട്രേലിയയും യുഎസും തമ്മിലുള്ള സഖ്യത്തിന് മുഖം തിരിച്ച് നില്‍ക്കാനാകില്ല. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ തന്ത്രപരമായ അന്തരീക്ഷത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ചൈനയുമായുള്ള ഏറ്റുമുട്ടലിന് ആവശ്യമായി വന്നാല്‍ പുറത്തുനിന്നുള്ള സൈനിക സഹായത്തിനും അമേരിക്കയെ ആശ്രയിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലം ആശങ്കകള്‍ക്ക് ബലമേറുന്നതാണെന്ന് പറഞ്ഞ മാര്‍ലെസ് റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം വിജയിക്കാന്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞു. അധിനിവേശ തന്ത്രങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കുന്നതിലൂടെ മാത്രമേ യൂറോപ്പിലോ ഇന്തോ-പസഫിക്കിലോ ഇത്തരം ശക്തികളുടെ നീക്കം തടയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും ആദ്യമായാണ് മാര്‍ലെസിന്റെ യുഎസ് സന്ദര്‍ശനം. ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയിലെ സൈനികന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത്. ഈ ആഴ്ച അവസാനം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26