കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചതും പ്രസിഡന്റ് ഗോതബായ രാജപക്സേ രാജ്യം വിടുകയും ചെയ്തതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് ദ്വീപ് രാഷ്ട്രം. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംഘര്‍ഷ മേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. 
 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ചില വിദേശ വിമാന കമ്പനികള്‍ ശ്രീലങ്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കയിലുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമും തിരിച്ചു പോകാന്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ സ്ഥിതി സംഘര്‍ഷഭരിതമാണെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
കൊളംബോയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രക്ഷോഭകര്‍ വളഞ്ഞിട്ടുണ്ട്. ഓഫീസിന് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം സര്‍ക്കാരിനെതിരായ ജനരോഷം ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ നാടുവിട്ടു. ഭാര്യയ്‌ക്കൊപ്പം ഗോതബായ മാലിദ്വീപിലേക്കാണ് പോയത്. സൈനിക വിമാനത്തില്‍ ഭാര്യ ലോമ രാജപക്‌സെയുമൊന്നിച്ചാണ് ഗോതബായ മാലിദ്വീപിലെത്തിയത്.
 അതേസമയം ഗോതബായയെ നാടുവിടാന്‍ സഹായിച്ചത് ഇന്ത്യയാണെന്ന തരത്തില്‍ ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. 
ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരാണ് മാലദ്വീപില്‍ എത്തിയത്. മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. 
ചര്‍ച്ചകള്‍ക്കു ശേഷം ഇന്ന് പുലര്‍ച്ചെ വെലാന വിമാനത്താവളത്തില്‍ എത്തിയ രാജപക്‌സയെ മാലദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. രാജിക്ക് ശേഷം അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്റ് രാജ്യം വിട്ടത്.
വിദേശരാജ്യത്തേക്ക് രക്ഷപ്പെടാന്‍ ചൊവ്വാഴ്ച കൊളംബൊ വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെയും ഭാര്യയേയും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കടല്‍ മാര്‍ഗം രക്ഷപ്പെടാന്‍ നാവിക സേനയുടെ സഹായം തേടി. പട്രോള്‍ ബോട്ടില്‍ മാലദ്വീപിലോ ഇന്ത്യയിലോ എത്തിയശേഷം ദുബായിലേക്ക് കടക്കാനായിരുന്നു നീക്കം. ഇതും ഫലം കണ്ടിരുന്നില്ല. 
സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജി നല്‍കാമെന്ന ഉപാധിയാണ് രാജപക്‌സെ മുന്നോട്ട് വച്ചിരുന്നത്. അതേസമയം രാജപക്‌സയുടെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ മഹിന്ദ യപ അഭയവര്‍ധന വ്യക്തമാക്കി. ഒരു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
ഗോതബായ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ആരാകുമെന്നതാണ് പ്രധാന ചോദ്യം. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തി. ജൂലൈ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.