മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയുമായി ഓസ്ട്രേലിയന്‍ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍; സ്വകാര്യതയുടെ ലംഘനമെന്ന് പരാതി

മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയുമായി ഓസ്ട്രേലിയന്‍  റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍; സ്വകാര്യതയുടെ ലംഘനമെന്ന് പരാതി

സിഡ്‌നി: ഓസ്ട്രേലിയയിലെ പ്രമുഖ റീട്ടെയ്ല്‍ സ്ഥാപനങ്ങളായ ബണ്ണിംഗ്‌സും കെമാര്‍ട്ടും തങ്ങളുടെ സ്‌റ്റോറുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം (മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ) ഉപയോഗിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. ഉപഭോക്താക്കള്‍ അറിയാതെ വ്യാപാര സ്ഥാപനങ്ങള്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഉപഭോക്തൃ സംരക്ഷണ സംഘടനയായ ചോയ്സ് പരാതി ഉന്നയിച്ചതിനെതുടര്‍ന്ന് ഓസ്ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നത് സ്വകാര്യതാ നിയമത്തിന്റെ ലംഘനമാണെന്ന ആശങ്കയാണ് പരാതിക്ക് അടിസ്ഥാനം.

റീട്ടെയിലര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പരിശോധിച്ചുവരികയാണെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഓഫീസ് അറിയിച്ചു. കടകളില്‍ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ മുഖച്ചിത്രങ്ങള്‍ സിസിടിവി കാമറ വഴി ശേഖരിക്കുന്നതായാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

കെ മാര്‍ട്ട്, ബണ്ണിംഗ്‌സ്, ഗുഡ് ഗയ്‌സ് തുടങ്ങിയ കമ്പനികളുടെ നടപടികള്‍ സ്വകാര്യത നിയമത്തിന്റെ ലംഘനമാണെന്നാണ് ആരോപണം. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച മുന്നറിയിപ്പ് സ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഇതിനെക്കുറിച്ച് ബോധവാന്മാരല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

ചോയ്‌സ് പരിശോധിച്ച ഓസ്‌ട്രേലിയയിലെ 25 പ്രമുഖ റീട്ടെയ്ല്‍ സ്ഥാപനങ്ങളില്‍ മൂന്നെണ്ണമാണ് ഫേഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

വ്യാപാര സ്ഥാപനങ്ങള്‍ ഇത്തരം സാങ്കേിത വിദ്യ ഉപയോഗിക്കുന്നത് അനുചിതവും അനാവശ്യവുമാണെന്ന് ചോയ്‌സ് കണ്‍സ്യൂമര്‍ ഡാറ്റ അഭിഭാഷകന്‍ കേറ്റ് ബോവര്‍ കുറ്റപ്പെടുത്തി. ഷോപ്പിംഗ് നടത്തുമ്പോഴൊക്കെ വിരലടയാളമോ ഡിഎന്‍എയോ ശേഖരിക്കുന്നതിന് സമാനമാണിത്.
ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ബയോമെട്രിക് വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ബിസിനസുകള്‍ അധാര്‍മികവും ഉപഭോക്തൃ വിശ്വാസത്തെ ഇല്ലാതാക്കുന്നതുമായ പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

മുഖച്ചിത്ര വിവരങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നതു സംബന്ധിച്ച നയങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ലെന്ന് ചോയ്‌സ് പറയുന്നു. മാത്രമല്ല സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആരും മുന്നറിയിപ്പ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്വകാര്യതാ നയം വായിക്കാറില്ലെന്നും കേറ്റ് ബോവര്‍ ചൂണ്ടിക്കാട്ടി.

ആരോപണത്തെതുടര്‍ന്ന് ഗുഡ് ഗയ്സ് സ്രാങ്കേതികവിദ്യയുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിലാക്കി. അതേസമയം, തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളോട് താല്‍പ്പര്യമുള്ള വ്യക്തികളെ തിരിച്ചറിയാനാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് ബണ്ണിംഗ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സൈമണ്‍ മക്ഡൊവല്‍ പ്രസ്താനയില്‍ പറഞ്ഞു.
സ്ഥാപനത്തിനും ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെന്നും സൈമണ്‍ മക്ഡൊവല്‍ പറഞ്ഞു.

മോഷണവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനായി സ്വീകരിക്കുന്ന നടപടികളില്‍ ഒന്നാണ് ഫേഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സംവിധാനം. മുമ്പ് ഞങ്ങളുടെ സ്റ്റോറുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ തിരിച്ചറിയാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ന്യായീകരിച്ചു.

ഞങ്ങളുടെ ടീമിനും ഉപഭോക്താക്കള്‍ക്കും സുരക്ഷിതവുമായ അന്തരീക്ഷം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. സ്റ്റോറുകളുടെ പ്രവേശന കവാടങ്ങളിലും വെബ്സൈറ്റിലൂടെയും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെയും ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നുണ്ടെന്നും സൈമണ്‍ മക്ഡൊവല്‍ കൂട്ടിച്ചേര്‍ത്തു.

ഫേഷ്യല്‍ റെക്കഗ്‌നിഷ്യന്‍ സാങ്കേതിക വിദ്യയെ കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള അവബോധം പരിമിതമാണെന്ന് ചോയ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നായി അറിയില്ലെന്നാണ് ചോയ്‌സ് നടത്തിയ ഒരു സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ഉപഭോക്താക്കളും പ്രതികരിച്ചത്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം അനാവശ്യവും അപകടകരവും ആണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.