അറ് ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപിയുടെ 'മിഷന്‍ കേരള'; തുടക്കമിട്ട് എസ്.ജയശങ്കര്‍

അറ് ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപിയുടെ 'മിഷന്‍ കേരള'; തുടക്കമിട്ട് എസ്.ജയശങ്കര്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 'മിഷന്‍ കേരള'യുമായി ബിജെപി കേന്ദ്ര നേതൃത്വം. കേരളത്തില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.

കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കോന്നി, തിരുവനന്തപുരം എന്നീ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. മുന്‍ അനുഭവങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കാതെ ഓരോ മണ്ഡലത്തിനും ഓരോ കേന്ദ്ര മന്ത്രിമാര്‍ക്കാവും ചുമതല.

ഈ മണ്ഡലങ്ങളില്‍ നടപ്പാക്കേണ്ട കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മനസിലാക്കുക, നിലവില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള ദേശീയപാത വികസനം, ഗ്രാമീണ തൊഴിലുറപ്പ് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് ആദ്യ ഘട്ടം.

ആദ്യ റൗണ്ട് സന്ദര്‍ശന വിവരങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ച ശേഷം അടുത്ത റൗണ്ടുകള്‍ എന്നതാണ് ഓപ്പറേഷന്റെ രീതി. കേന്ദ്ര മന്ത്രിമാരുടെ നിരന്തര സന്ദര്‍ശനവും പൊതു സമ്പര്‍ക്കവും ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്നും അത് വോട്ടാക്കി മാറ്റാമെന്നുമാണ് പ്രതീക്ഷ.

'ഓപ്പറേഷന്‍ കേരള' യുടെ ഭാഗമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കഴിഞ്ഞ ദിവസം കഴക്കൂട്ടം ഫ്ളൈ ഓവര്‍ നിര്‍മ്മാണം വിലയിരുത്തുന്നതിനെത്തിയത്. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രിയും ചില സംസ്ഥാന മന്ത്രിമാരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതല ജയശങ്കറിനാണ്.

ദേശീയ പാതയ്ക്കു പുറമേ ജലജീവന്‍ മിഷന്‍, അമൃത് സരോവര്‍ തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി ജനങ്ങളുമായി സംസാരിച്ചായിരുന്നു മന്ത്രിയുടെ മടക്കം. കേന്ദ്ര പദ്ധതികളോട് എങ്ങിനെയാണ് തലസ്ഥാന വാസികളുടെ പ്രതികരണം എന്ന് മനസിലാക്കുന്നതിനൊപ്പം പാര്‍ട്ടി നേതാക്കളുമായും അണികളുമായും അദ്ദേഹം ചര്‍ച്ചയും നടത്തി.

ചുമതല ഏല്‍പ്പിച്ചിട്ടുള്ള മറ്റ് മന്ത്രിമാരും വൈകാതെ അവരവരുടെ മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തും. മന്ത്രിമാരുടെ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ചുമതല വീതിച്ചു നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുത്ത ആറ് മണ്ഡലങ്ങള്‍ ഉഴുതു മറിയ്ക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുമ്പോഴും ജനസമ്മതിയുള്ള നേതാക്കളെ ഇറക്കി ഈ മണ്ഡലങ്ങളില്‍ മത്സരം ശക്തമാക്കുക എന്നതാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.