ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ആയുധ വേട്ട; 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ആയുധ വേട്ട; 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ആയുധ വേട്ട. 45 കൈത്തോക്കുകളുമായി എത്തിയ ദമ്പതികള്‍ കസ്റ്റംസിന്റെ പിടിയിലായി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശികളായ ജഗ്ജീത് സിങ്, ഭാര്യ ജസ്വീന്ദര്‍ കൗര്‍ എന്നിവരാണ് പിടിയിലായത്.

പിടിയിലാകുമ്പോള്‍ ദമ്പതിമാര്‍ക്കൊപ്പം ഇവരുടെ 17 മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. വിയറ്റ്‌നാമിലെ ഹോചിമിനില്‍ നിന്നുമാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള കവാടത്തിന് മുന്നില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.

പാരീസില്‍ നിന്നും ഡല്‍ഹിയിലെത്തിയ ജഗ്ജീതിന്റെ സഹോദരന്‍ മഞ്ജീത് സിങാണ് വിമാനത്താവളത്തില്‍ വെച്ച് തോക്കുകള്‍ അടങ്ങിയ ബാഗ് ദമ്പതികള്‍ക്ക് കൈമാറിയത്. ബാഗുകള്‍ കൈമാറിയ ശേഷം ഇയാള്‍ സ്ഥലം വിടുകയായിരുന്നു.

തോക്കുകള്‍ അടങ്ങിയ ബാഗുകളിലെ ടാഗുകള്‍ എടുത്ത് മാറ്റിയത് ജസ്വീന്ദര്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിപണിയില്‍ ഇരുപത്തി രണ്ടര ലക്ഷം രൂപ വില വരുന്ന തോക്കുകളാണ് പിടി കൂടിയിരിക്കുന്നത്. നേരത്തേ തുര്‍ക്കിയില്‍ നിന്നും പന്ത്രണ്ടര ലക്ഷം രൂപ വില വരുന്ന 25 തോക്കുകള്‍ സമാനമായ രീതിയില്‍ കടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഇവരുടെ കുഞ്ഞിനെ ബന്ധുക്കള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

തോക്കുകള്‍ ഉപയോഗിക്കാന്‍ പറ്റുന്നവയാണെന്നും കേടുപാടുകള്‍ ഇല്ലാത്തവയാണെന്നും എന്‍ എസ് ജി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. സംഭവത്തിന് പിന്നില്‍ ഭീകരവാദ ബന്ധം ഉണ്ടോയെന്നതടക്കം അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.