തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്.സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു. 30 ലേറെ ശിശു മരണങ്ങള്‍ ഉണ്ടായി. ഒരു മാസത്തിനിടെ നാല് കുട്ടികള്‍ മരിച്ചു. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല. കോട്ടത്തറ ആശുപത്രിയിലെ കാന്റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നു. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നന്‍ ആയ ഡോ പ്രഭുദാസിനെ മാറ്റി. പകരം വന്ന ആള്‍ക്ക് പരിചയ കുറവാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മഴ മൂലം റോഡില്‍ ചളി നിറഞ്ഞതിനാലാണ് കുഞ്ഞു മരിച്ചപ്പോള്‍ വാഹനം കിട്ടാതെ വന്നതെന്നായിരുന്നു മന്ത്രി കെ.രാധാകൃഷ്ണന്റെ വിശദീകരണം. സാധ്യമായതെല്ലാം ചെയ്യുന്നു. ആദിവാസി ഊരില്‍ വാഹന സൗകര്യ കുറവ് പരിഹരിക്കാന്‍ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഊരുകളിലെ ഗതാഗത പ്രശ്‌നം തീര്‍ക്കാന്‍ പ്രത്യക പാക്കേജ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി.
മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഷംസുദീന്‍ കോട്ടത്തറ ആശുപത്രി സന്ദര്‍ശിക്കണം എന്ന വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ ഭരണ പക്ഷത്തു നിന്നും ബഹളം ഉണ്ടായി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
ആരോഗ്യ മന്ത്രി എം എല്‍ എ യെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോട്ടത്തറ ആശുപത്രി സന്ദര്‍ശിക്കാനാണ് മന്ത്രി എംഎല്‍എയോട് പറഞ്ഞത്. വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം രേഖപെടുത്തുന്നു. ഓട് പൊളിച്ചു വന്നതല്ല ഷംസുദീന്‍. ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണെന്നും അട്ടപ്പാടിയിലേത് ശിശു മരണങ്ങള്‍ അല്ല കൊലപാതകമെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.