തിരുവനന്തപുരം: തര്‍ക്കങ്ങളെ തുടര്‍ന്ന് തൊഴിലാളി യൂണിയനുകളുടെ അതൃപ്തിക്ക് പാത്രമായ കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ സര്‍ക്കാര്‍ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ .എന്‍. ഖോബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാന്‍.
കെഎസ്ഇബിയില്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളാണ് ചെയര്‍മാനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തര്‍ക്കത്തിലേക്കു നയിച്ചത്. സിപിഎം അനുകൂല സര്‍വീസ് സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കെഎസ്ഇബി ആസ്ഥാന മന്ദിരത്തിനു മുന്നില്‍ നിരവധി ദിവസം സമരങ്ങള്‍ നടന്നു. ചെയര്‍മാന്റെ ഓഫിസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാര്‍ക്കു നേരെ നടപടിയുണ്ടായി.
മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ചെയര്‍മാന്റെ പോസ്റ്റ് വിവാദമായി. ഇതിനെതിരെ അസോസിയേഷന്‍ രംഗത്തെത്തിയതോടെ ചെയര്‍മാന്‍ പോസ്റ്റ് പിന്‍വലിച്ചു. സിപിഎം അസോസിയേഷനില്‍പ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തര്‍ക്കത്തിനിടയാക്കി. മന്ത്രിതലത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അശോക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന. അതിനിടെ കെഎസ്ഇബി ചെയര്‍മാന്റെ പദവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതിനു തത്തുല്യമായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.