സലാല: ദുബായില്‍ നിന്നും ഒമാനിലേക്ക് വിനോദയാത്രയ്ക്ക് പോയി കടലില്‍ തിരയില്‍ പെട്ട കുടുംബത്തിലെ 9 വയസുകാരിയ്ക്കായുളള തിരച്ചില്‍ തുടരുന്നു. ഒമാനിലെ ദോഫർ മുഖ്സായല്‍ തീരത്ത് ഞായറാഴ്ചയാണ് ദുരന്തമുണ്ടായത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേരാണ് ശക്തമായി തിരയില്‍ പെട്ടത്. ഇതില്‍ രണ്ട് പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും 9 വയസുകാരിയെ മാത്രം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
42 വയസുകാരനായ ശശികാന്ത് മാംമെനെ, അദ്ദേഹത്തിന്‍റെ ആറുവയസുളള മകന്‍ ശ്രേയസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 9 വയസുകാരി ശ്രേയയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ശശികാന്തിന്‍റെ മൂത്തമകളായ ശരവണി, ഭാര്യ ശാരിക എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നുളളവരാണ് ഇവർ.
ഈദ് അല്‍ അദ അവധി ദിനങ്ങള്‍ ചെലവഴിക്കാനായി ദുബായില്‍ നിന്ന് ഒമാനിലെത്തിയതായിരുന്നു കുടുംബം. ദുരന്തത്തിന് തൊട്ടുമുന്‍പ് വരെയുളള ചിത്രങ്ങള്‍ ശശികാന്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ തിരമാല വന്ന് ആഞ്ഞടിക്കുന്ന വീഡിയോ ഉള്‍പ്പടെയുളളവ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ശശികാന്തിന്‍റെയും മകന്‍ ശ്രേയസിന്‍റെയും മൃതദേഹം ഒമാനിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 15 വർഷമായി യുഎഇയില്‍ ഉളള ശശികാന്ത് ഷാർജയില്‍ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു. അവധി ദിനങ്ങളില്‍ 40 പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ 16 പേർ മരിച്ചു. നാല് പേർക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും ഒമാന്‍ പോലീസ് ഓപ്പറേഷന്‍സ് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ മുഹമ്മദ് ബിന്‍ നാസല്‍ അല്‍ കിന്‍ഡി പറഞ്ഞു.
ഇതിനിടെ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. 9 വയസുകാരിക്കായുളള തിരച്ചില്‍ തുടരുന്നതിനാല്‍ ദോഫർ മുഖ്സായല്‍ തീരമൊഴികെയുളള മറ്റ് വിനോദകേന്ദ്രങ്ങള്‍ പിന്നീട് തുറന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.