വീണ്ടും വിലക്ക്; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ല

വീണ്ടും വിലക്ക്; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അഴിമതി അടക്കം അറുപതിലേറെ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെ പുതിയ വിലക്ക്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് ഉത്തരവ്. മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ലംഘിച്ചാല്‍ എന്താണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം വിലക്കിയ നടപടി വലിയ പ്രതിഷേധത്തിലേക്ക് എത്തിയേക്കും. അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കോവിഡ് പരത്തുന്നവന്‍, ഖാലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകളെ പാര്‍ലമെന്റിന് ഉള്ളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക് സഭയിലും രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.

അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. പുതിയ ഉത്തരവ് തള്ളി പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്ന പുതിയ ഉത്തരവ്.

പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ ലോക്‌സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പറിയിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പുതിയ ഇന്ത്യയുടെ ഡിക്ഷണറിയെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാന്‍ വെല്ലു വിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.