കോമ്പൗണ്ട് റബറിൻറെ അനിയന്ത്രിത ഇറക്കുമതി ആഭ്യന്തര റബര്‍ വിപണി തകര്‍ക്കും: അഡ്വ.വി.സി.സെബാസ്റ്റ്യൻ

കോമ്പൗണ്ട് റബറിൻറെ അനിയന്ത്രിത ഇറക്കുമതി  ആഭ്യന്തര റബര്‍ വിപണി തകര്‍ക്കും: അഡ്വ.വി.സി.സെബാസ്റ്റ്യൻ

കോട്ടയം: കോമ്പൗണ്ട് റബറിൻറെ അനിയന്ത്രിത ഇറക്കുമതിയിലൂടെ പ്രകൃതിദത്ത റബറിൻറെ ആഭ്യന്തര വിപണി അട്ടിമറിച്ചു തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

വ്യവസായികളുടെ ഈ നീക്കത്തിനു പിന്നില്‍ റബര്‍ബോര്‍ഡിൻറെ അംഗീകാരവും ഒത്താശയുമുണ്ടെന്ന് കഴിഞ്ഞ കാലങ്ങളിലെ കോമ്പൗണ്ട് റബറിൻറെ ഇറക്കുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14 ല്‍ 430 കോടിയുടെ 26,655 ടണ്‍ കോമ്പൗണ്ട് റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ 2021-22 ൽ ഇത് 1569 കോടിയുടെ 114,636 ടണ്ണായി വര്‍ദ്ധിച്ചു. 2022 ജൂലൈ മാസം മാത്രം 30,000 ടണ്‍ ഇറക്കുമതിയിലൂടെ ആഭ്യന്തര സ്വാഭാവിക റബറിൻറെ വിപണിവിലയിടിക്കുവാനുള്ള നീക്കം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വലിയ പ്രഹരമായിരിക്കും. ഇതിൻറെ തെളിവാണ് മഴ മൂലം ടാപ്പിംഗ് നിലച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വിലത്തകര്‍ച്ച.
ആഭ്യന്തര ഉല്പാദനം കുറഞ്ഞിട്ടും വിലയുയര്‍ത്താതെ ഗുണനിലവാരമില്ലാത്ത റബര്‍ ഇറക്കുമതി നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് ശരിയായ പ്രവണതയല്ല. പ്രകൃതിദത്ത ഉണക്ക റബറിൻറെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാണെന്നിരിക്കെ കോമ്പൗണ്ട് റബറിൻറെ ഇറക്കുമതിച്ചുങ്കം 10 ശതമാനം മാത്രമേയുള്ളുവെന്നത് വ്യവസായികള്‍ക്ക് നേട്ടമുണ്ടാക്കുമ്പോള്‍ സര്‍ക്കാരിന് നികുതി വരുമാനത്തിലും വലിയ ഇടിവുണ്ടാകുമെന്നതും വ്യക്തമാണ്. കോമ്പൗണ്ട് റബറിൻറെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചതുകൊണ്ട് പ്രശ്‌നപരിഹാരമാവില്ലെന്നും നിലവാരം കുറഞ്ഞ കോമ്പൗണ്ട് റബറിൻറെ ഇറക്കുമതി നിയന്ത്രിക്കുവാന്‍ അടിയന്തിര നടപടിയാണ് വേണ്ടതെന്നും ഇത്തരം നടപടികള്‍ക്ക് റബര്‍ബോര്‍ഡ് കൂട്ടുനില്‍ക്കുന്നത് കര്‍ഷക ദ്രോഹമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.