ഓസ്‌ട്രേലിയയില്‍ കോവിഡ് പിടിമുറുക്കുന്നു: ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു; ശസ്ത്രക്രിയകള്‍ മാറ്റി

ഓസ്‌ട്രേലിയയില്‍ കോവിഡ് പിടിമുറുക്കുന്നു: ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു; ശസ്ത്രക്രിയകള്‍ മാറ്റി

സിഡ്‌നി: ഒരു ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ കോവിഡ് വകഭേദമായ ഓമിക്രോണ്‍ വ്യാപിക്കുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. അത്യാഹിത വിഭാഗങ്ങളില്‍ വരെ കോവിഡ് രോഗികള്‍ നിറയുകയാണെന്നാണ് റപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരിലും രോഗം വ്യാപിക്കുന്നതിനാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. അടിയന്തിര ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയ നേരിടുന്നത്.

ഒമിക്രോണിന്റെ ബിഎ 4, ബിഎ 5 വകഭേദങ്ങളാണ് പടര്‍ന്ന് പിടിക്കുന്നത്. വിക്ടോറിയയിലും ടാസ്മാനിയയിലും എസിടിയിലും ക്വീന്‍സ്ലാന്‍ഡിലുമൊക്കെയാണ് രോഗ വ്യാപനം രൂക്ഷം. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, നോര്‍ത്തേണ്‍ ടെറിട്ടറി എന്നിവിടങ്ങളിലും രോഗബാധിതര്‍ കൂടിവരുന്നു. കോവിഡ് ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വലിയ തരംഗത്തിലേക്കാണ് ഓസ്‌ട്രേലിയ നീങ്ങുന്നത്.

ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ആരോഗ്യ വിഭാഗവും സര്‍ക്കാരും. ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ നിലയിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് വ്യാപിച്ചത് തിരിച്ചടിയായി. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റി. കോവിഡ് ബാധിച്ചും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടും 6,500 ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ഈ ആഴ്ച്ച നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.

തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടിവരുന്നതും ജോലിഭാരം കൂടിയതും ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ ക്ഷീണിതരാക്കിയിരിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്‍ വിക്ടോറിയ ബ്രാഞ്ച് സെക്രട്ടറി ലിസ ഫിറ്റ്സ്പാട്രിക് പറഞ്ഞു. കടുത്ത സമ്മര്‍ദ്ദത്തിന് പുറമേ അധിക ഡ്യൂട്ടിയും ഇവരെ തളര്‍ത്തുകയാണ്.

പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും കഴിവതും വീടിനുള്ളില്‍ തന്നെ കഴിഞ്ഞും കോവിഡ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഹെല്‍ത്ത് സര്‍വീസസിലെ പകര്‍ച്ചവ്യാധി വിഭാഗത്തിന്റെ ഡയറക്ടര്‍ പറഞ്ഞു.



അതേസമയം, വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ഭരണ നേതൃത്വത്തില്‍ നിന്ന് പോലും എതിര്‍പ്പ് ഉയരാന്‍ ഇടയാക്കി. വൈറസ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, വീണ്ടും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ഭരണാധികാരി ഡൊമിനിക് പെറോട്ടെറ്റ് വെള്ളിയാഴ്ച പറഞ്ഞു.

കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തുണ്ടായ ഉയര്‍ത്തെഴുന്നേല്‍പ്പിനെ പിന്നോട്ട് നയിക്കും. ആളുകള്‍ ഒറ്റപ്പെടാനും ജോലിക്ക് പോകാന്‍ കഴിയാതിരിക്കാനും ഇടയാക്കും. സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.