ഖാര്‍തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞു കൊല്ലാന്‍ കോടതിവിധി. ഒരു ദശാബ്ദക്കാലത്തിനിടയില്‍ രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു വിധി വരുന്നത്. രാജ്യത്തെ പുതിയ സൈനിക ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ വിധി വരുന്നത്.
സുഡാനിലെ മറിയം അല്‍സൈദ് തയ്‌റാബ് എന്ന 20 വയസുകാരിയെയാണ് വ്യഭിചാര കുറ്റം ചുമത്തി കല്ലെറിഞ്ഞ് കൊല്ലാന്‍ കോടതി വിധിച്ചത്. കഴിഞ്ഞ മാസം സുഡാനിലെ വൈറ്റ് നൈല്‍ സ്റ്റേറ്റില്‍ വച്ചാണ് മറിയത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
വിധിക്കെതിരെ യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണു റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ കല്ലെറിയാനുള്ള ശിക്ഷാവിധി ഹൈക്കോടതിയില്‍ റദ്ദാക്കപ്പെടാറുണ്ട്. ഉഗാണ്ട ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സ്റ്റഡീസ് (എ.സി.ജെ.പി.എസ്) മറിയത്തിന്റെ മോചനത്തിനും അപ്പീല്‍ പോകാനുള്ള യുവതിയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. വിധി ആഭ്യന്തര, അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണെന്ന് എ.സി.ജെ.പി.എസ് അടക്കമുള്ള നിരവധി മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.
യുവതിക്ക് നീതിയുക്തമായ വിചാരണ പോലും ലഭിച്ചില്ല. നിയമപരമായ എല്ലാ അവകാശങ്ങളും യുവതിക്ക് നിഷേധിക്കപ്പെട്ടതായും സംഘടന പറയുന്നു.
2013-ലാണ് ഇവിടെ അവസാനമായി ഇത്തരമൊരു ശിക്ഷ വിധിച്ചത്. 2020-ല്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളിലും കല്ലെറിഞ്ഞുള്ള ശിക്ഷയെ ഒഴിവാക്കിയില്ല. യുഎന്നിലും ഈ വിഷയം ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇസ്ലാമിക രാജ്യമായ സുഡാനില്‍ മോഷണം, കവര്‍ച്ച, വ്യഭിചാരം, സ്വവര്‍ഗ പ്രണയം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും കൈയും കാലും ഛേദിക്കല്‍, ചാട്ടവാറടി, മരണം തുടങ്ങിയ ശിക്ഷകളാണ് നല്‍കുന്നത്.
സ്ത്രീകളുടെ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള സൈനിക സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ഇത്തരമൊരു ക്രൂരമായ ശിക്ഷാവിധിയെന്ന് ആഫ്രിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍ ഭയപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.