ഗാന്ധി കുടുംബത്തിനെതിരായ ആരോപണം, മന്ത്രി അനുരാഗ് ടാക്കൂറിനെതിരെ പ്രതിഷേധം, ലോകസഭ നാലാം തവണയും പിരിഞ്ഞു

ഗാന്ധി കുടുംബത്തിനെതിരായ ആരോപണം, മന്ത്രി അനുരാഗ് ടാക്കൂറിനെതിരെ പ്രതിഷേധം, ലോകസഭ നാലാം തവണയും പിരിഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടാക്കിയത് ഗാന്ധി കുടുംബത്തിന് വേണ്ടിയാണെന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ടാക്കൂറിന്റെ പ്രസ്താവനയെ തുടര്‍ന്ന് ലോക്സഭയില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലേറ്റുമുട്ടി. പ്രതിഷേധങ്ങളെ തുടര്‍ന്ന് നാലാം തവണയും സഭ മാറ്റിവച്ചു.

പി.എം കെയറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. പി.എം കെയേര്‍സ് സുതാര്യമല്ലെന്നും ഇതില്‍ അഴിമതിയുണ്ടെന്നും ശശി തരൂര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ആരോപിച്ചു. പി.എം കെയേര്‍സ് ഫണ്ടിനെ അനുകൂലിച്ച്‌ കൊണ്ട് ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് അനുരാഗ് ടാക്കൂര്‍ ഗാന്ധി കൂടുംബത്തിനെതിരായ പരാമര്‍ശം നടത്തിയത്. പി.എം കെയേര്‍സ് നിയമപരമായി രജിസ്റ്റര്‍ ചെയ്തതാണെന്നും ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ പി.എം കെയേര്‍സ് ഫണ്ടിനെ അംഗീകരിച്ചതാണെന്നും അനുരാഗ് ടാക്കൂര്‍ പറഞ്ഞു. പി.എം കെയേര്‍സ് 130 കോടി ജനങ്ങള്‍ക്കുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നെഹറു പ്രധാനമന്ത്രി ആയിരിക്കുമ്ബോള്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്ന് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രസ്റ്റുണ്ടാക്കിയത് ഗാന്ധി കുടുംബത്തിന് വേണ്ടിയാണെന്നും അനുരാഗ് ടാക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു. നെഹ്‌റുവും സോണിയാ ഗാന്ധിയും ദേശീയ ദുരിതാശ്വാസ നിധി അംഗങ്ങളാണെന്നും ഇത് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അനുരാഗ് ടാക്കൂറിനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. പ്രതിപക്ഷത്തെ അപമാനിക്കാന്‍ സ്പീക്കര്‍ ബി.ജെ.പി അംഗങ്ങളെ അനുവദിക്കുകയാണെന്ന് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ് സഭാ നടപടികള്‍ നിറുത്തിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.