ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

സിഡ്‌നി: തൊഴില്‍ മേഖലയില്‍ കോവിഡ് മഹാമരി വരുത്തിയ ആഘാതത്തില്‍ നിന്ന് പിടിച്ചുകയറുന്നതിന്റെ സൂചന നല്‍കി ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ജൂണിലെ കണക്കനുസരിച്ച് 3.5 ശതമാനമാണ് ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക്. 1974 ന് ശേഷം ഇതാദ്യമാണ് ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയുമാണ് ഈ നേട്ടം കൈവരിക്കാനായത്. വിദേശത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക് തീരെ കുറഞ്ഞതും സ്വദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്ക് കാരണമായി. ശമ്പള നിരക്ക് വര്‍ധനവും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ സഹായിച്ച മറ്റൊരു ഘടകമാണ്. 2.4 ശതമാനത്തിന്റെ വര്‍ധനവാണ് കോവിഡിന് ശേഷം ഉണ്ടായത്. മികച്ച വേതനത്തില്‍ ആകൃഷ്ടരായി കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ രംഗത്തേക്ക് കടന്നു.

14 കോടി ജനങ്ങളാണ് ഓസ്‌ട്രേലിയയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. ജൂണില്‍ മാത്രം 24,000 പേര്‍ക്ക് കൂടുതലായി തൊഴില്‍ നല്‍കാനായി. കോവിഡിന്റെ അടച്ചുപൂട്ടലിന് ശേഷം 2021 ഒക്ടോബറിന് ശേഷം എല്ലാ മാസവും 90,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.



2020 മെയ് മുതല്‍ 2021 ജനുവരി വരെ കോവിഡ് -19 ന്റെ ആരംഭകാലത്ത് ഒട്ടേറ പേര്‍ക്ക് ഓസ്‌ട്രേലിയയില്‍ തൊഴില്‍ നഷ്ടമായി. പിന്നീട് എട്ട് മാസത്തിന് ശേഷമാണ് തൊഴില്‍ മേഖല അനക്കംവച്ചു തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് പ്രതീക്ഷച്ചതിലും വലിയ വളര്‍ച്ച തൊഴില്‍ മേഖലയിലുണ്ടായി. ജൂണിലെ കണക്ക് പുറത്തുവന്നപ്പോള്‍ ഓസ്‌ട്രേലിയയില്‍ തൊഴില്‍ ചെയ്യുന്നവരോ തൊഴില്‍ അന്വേഷിക്കുന്നവരുടെയോ എണ്ണം 66.8 ശതമാനത്തിലേക്ക് ഉയര്‍ന്നു.

2022-ലെ ആദ്യ ആറ് മാസങ്ങളില്‍, 5.2 ശതമാനം തൊഴിലാളികള്‍ കോവിഡ് ബാധിച്ചോ മറ്റെന്തെങ്കിലും അസുഖം മൂലമോ തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ കോവിഡ് വ്യാപനത്തിന് മുന്‍പ് അത് മൂന്ന് ശതമാനമായിരുന്നു.

35 ശതമാനം ആളുകള്‍ കരാര്‍ തൊഴിലാളികളാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കരാര്‍ പുതുക്കേണ്ടതുണ്ട്. 23 ശതമാനം ആളുകള്‍ സ്ഥിരം നിയമനം ഉള്ളവര്‍. യൂണിയന്‍ പ്രാതിനിധ്യത്തിലെ ഇടിവ്, സാങ്കേതികവിദ്യയുടെയും ആഗോളവല്‍ക്കരണത്തിന്റെയും ഉയര്‍ച്ച എന്നിവയെല്ലാം തൊഴില്‍ ഇടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26