സ്‌പെയ്‌നിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; മൂന്നു ദിവസത്തിനിടെ 84 മരണം: കാട്ടുതീയില്‍ വലഞ്ഞ് യൂറോപ്പ്

സ്‌പെയ്‌നിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; മൂന്നു ദിവസത്തിനിടെ 84 മരണം: കാട്ടുതീയില്‍ വലഞ്ഞ് യൂറോപ്പ്

മാഡ്രിഡ് (സ്‌പെയിന്‍): കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ വിറങ്ങലിച്ച് യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്‍. സ്പാനിഷ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം മൂന്നു ദിവസത്തിനുള്ളില്‍ 84 പേരാണു മരിച്ചത്. ഈ മാസം 10 മുതല്‍ 12 വരെയുള്ള കണക്കാണിത്. സ്‌പെയിനിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്.

മറ്റിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. അടുത്തയാഴ്ച കൂടി കനത്ത ചൂട് തുടരുമെന്നും, മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഉഷ്ണതരംഗമാണിത്.

ജൂണ്‍ 11 മുതല്‍ ജൂണ്‍ 20 വരെ നീണ്ടുനിന്ന ആദ്യ ഉഷ്ണതരംഗത്തില്‍ 829 പേരാണ് മരിച്ചത്. കലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലമാണ് തെക്കന്‍ യൂറോപ്പില്‍ ശക്തമാകുന്ന ഉഷ്ണതരംഗത്തിന് പ്രധാന കാരണം. ഇതിന്റെ അനന്തരഫലമായി നദികള്‍ പലതും വറ്റിവരണ്ടെന്നും കാട്ടുതീ പടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

200 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ താപ തരംഗങ്ങളിലൊന്നിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നതെന്ന് അക്വാവെതര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 1757 ന് ശേഷം ഭൂഖണ്ഡത്തിലെ ഏറ്റവും മോശം കാലാവസ്ഥയെ യൂറോപ്പ് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി യൂറോപിന്റെ തെക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഫലമായി ജലാശയങ്ങളും നദികളും വറ്റിവരണ്ടു. ഇറ്റലിയില്‍ 70 വര്‍ഷത്തിനിടെ ആദ്യമായി പോ നദി ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


പടിഞ്ഞാറന്‍ സ്പെയിനിലെ കാസെറസില്‍ തീ പടരുന്നത് തടയാന്‍ ശ്രമിക്കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍

ഫ്രാന്‍സിലും പോര്‍ച്ചുഗലിലും സ്‌പെയിനിലും നിരവധി പ്രദേശങ്ങളിലാണ് കാട്ടുതീ ആളിപ്പടരുന്നത്. ഫ്രാന്‍സിന്റെ തെക്ക്-പടിഞ്ഞാറന്‍ മേഖലയായ ജിറോണ്ടെയില്‍നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാട്ടുതീ മൂലം 11,000-ത്തിലധികം ആളുകള്‍ വീടു വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. ജിറോണ്ടെയില്‍ 7,300 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു. ഒറ്റരാത്രി കൊണ്ട് മാത്രം 2,000 ഹെക്ടര്‍ കാട് കത്തി നശിച്ചതായി അധികൃതര്‍ പറഞ്ഞു.

ഫ്രാന്‍സില്‍ പത്ത് വാട്ടര്‍ ബോംബര്‍ വിമാനങ്ങളുടെ സഹായത്തോടെയാണ് 1,000 അഗ്‌നിശമന സേനാംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച തീ പിടിത്തത്തിനെതിരെ പോരാട്ടം തുടരുന്നത്.

ജൂലൈ 14-ന് പോര്‍ച്ചുഗലിലെ പിന്‍ഹാവോയില്‍ 47 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയപ്പോള്‍ അത് ജൂലൈയില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂടായി മാറി. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 80-ലധികം മരണങ്ങള്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിന്റെ പല ഭാഗങ്ങളും കാട്ടുതീ ഉയര്‍ത്തിവിട്ട പുകപടലത്തിലും ചൂടിലും ശ്വാസം മുട്ടുകയാണെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.