മെക്സിക്കോ സിറ്റി: അമേരിക്ക രണ്ടു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്‍ റാഫേല്‍ കാരോ ക്വിന്റേറോ മെക്സികോയില്‍ പിടിയില്‍. 1985-ല്‍ യു.എസ് രഹസ്യാന്വേഷണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ രണ്ടാമതും പിടികൂടുന്നത്.
മെക്സിക്കോയിലെ മയക്കുമരുന്ന വില്‍പന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് ക്വിന്റേറോ. 1980-കളില്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് മാഫിയ സംഘങ്ങളിലൊന്നായ ഗ്വാഡലജാര കാര്‍ട്ടലിന്റെ സഹ സ്ഥാപകന്‍ എന്ന നിലയിലാണ് കാരോയുടെ കുപ്രശസ്തി. ഇതുകൂടാതെ അമേരിക്ക റെക്കോഡ് തുക തലയ്ക്ക് വിലയിട്ട കുറ്റവാളികളില്‍ ഒരാളുമായിരുന്നു. എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.
എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ കാരോ ക്വിന്റേറോ
മെക്സിക്കോയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഏജന്റായ എന്റിക് കികി കാമറീനയെ കൊലപ്പെടുത്തിയ കേസില്‍ 40 വര്‍ഷം തടവിനാണ് റാഫേലിനെ ശിക്ഷിച്ചത്. എന്നാല്‍ 28 വര്‍ഷം ജയിലില്‍ കഴിഞ്ഞ റാഫേലിനെ 2013-ല്‍ അപ്പലേറ്റ് അതോറിറ്റി മോചിപ്പിച്ചിരുന്നു. ഈ നടപടിക്കെതിരെ അമേരിക്കയും പ്രോസിക്യൂഷനും വിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെ സുപ്രീം കോടതി വിധി റദ്ദാക്കി. എന്നാല്‍ ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇയാളെ പിടികൂടണമെന്ന ആവശ്യവുമായി അമേരിക്ക ശക്തമായി രംഗത്തുണ്ടായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ക്വിന്റേറോയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു കോടി ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചു.
ഹൈവേയില്‍ ഉപേക്ഷിച്ച മൃതദേഹങ്ങള്‍
1985 ഫെബ്രുവരി ഒന്‍പതിന് മെക്സിക്കോയിലെ ഒരു ഹൈവേയ്ക്ക് സമീപം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കാമറീനയുടെയും ഡ്രൈവറുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്കിന് തടയിടാനാണ് കാമറീന മെക്സിക്കോയിലെത്തിയത്. ഗ്വാഡലജാര കാര്‍ട്ടലിന്റെ പല രഹസ്യങ്ങളും കാമറീന ചോര്‍ത്തി. കഞ്ചാവ് കൃഷി കണ്ടെത്തുകയും അതില്‍ പലതും സൈനികരെ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു.
എന്റിക് കികി കാമറീന
കാമറീനയുടെ റെയ്ഡുകള്‍ മയക്കുമരുന്ന് ബിസിനസിന് തടസമായതോടെയാണ് കൊലപ്പെടുത്തിയത്. കാണാതായി രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഗ്വാഡലജാരയിലുള്ള ക്വിന്റേറോയുടെ വസതിയില്‍ 30 മണിക്കൂര്‍ നീണ്ട പീഡനങ്ങള്‍ക്ക് ഒടുവിലാണ് കാമറീനയെ കൊന്നതെന്ന കണ്ടെത്തല്‍ അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചു.
കാമറീനയുടെ തലയോട്ടി, താടിയെല്ല്, മൂക്ക്, കവിള്‍ത്തടങ്ങള്‍, ശ്വാസനാളം, വാരിയെല്ലുകള്‍ എന്നിവ തകര്‍ത്തിരുന്നു. തല സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുളച്ച നിലയിലായിരുന്നു. ഈ ക്രൂരമായ കൊലപാതകം മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഇല്ലാതാക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.
മെക്സിക്കന്‍ നാവികസേനയും അറ്റോര്‍ണി ജനറലിന്റെ ഓഫിസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇയാളെ പിടികൂടിയത്. മെക്‌സികോയിലെ മയക്കുമരുന്ന് കടത്തു കേന്ദ്രങ്ങളിലൊന്നായ സിനലോവ സംസ്ഥാനത്തെ സാന്‍ സൈമണ്‍ പട്ടണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. സൈനിക പരിശീലനം ലഭിച്ച മാക്‌സ് എന്ന നായയാണ് ഇയാളെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതെന്ന് നാവികസേന അറിയിച്ചു.
അതേസമയം, അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് വൈറ്റ് ഹൗസില്‍ ജോ ബൈഡനെ കണ്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്.
കാരോ ക്വിന്റേറോയെ അമേരിക്കയ്ക്ക് കൈമാറണമെന്ന് ഉടന്‍ ആവശ്യപ്പെടുമെന്ന് യു.എസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലാന്‍ഡ് പറഞ്ഞു. അമേരിക്കന്‍ നിയമപാലകരെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ആര്‍ക്കും ഒളിച്ചിരിക്കാന്‍ കഴിയില്ല. റാഫേല്‍ കാരോയെ പിടികൂടിയതില്‍ മെക്സിക്കന്‍ അധികൃതരോട് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാഫിയ തലവനെ മണത്ത് കണ്ടുപിടിച്ച് 'മാക്‌സ്'
കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന മയക്കുമരുന്ന് മാഫിയ തലവനെ കുടുക്കിയത് 'മാക്സ്' എന്ന മറൈന്‍ നായയാണ്. കുറ്റവാളികളെ പിന്തുടരുന്നതില്‍ ഇതിനു മുന്‍പും മിടുക്ക് കാട്ടിയിട്ടുള്ള നായയാണ് മാക്സ്. ആറ് വയസാണു ബ്ലഡ്ഹൗണ്ട് ഇനത്തില്‍പെട്ട 'മാക്‌സിന്റെ പ്രായം. കാരോയെ പിടികൂടുന്നതില്‍ പ്രധാന പങ്കാണ് മാക്സ് വഹിച്ചതെന്ന് മെക്സിക്കന്‍ നാവികസേന പറഞ്ഞു.
മാക്സ്
മണം പിടിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ള നായാണ് ബ്ലഡ്ഹൗണ്ട്. കാണാതായവരെ കണ്ടുപിടിക്കുന്നതിനും കുറ്റവാളികളെ പിന്തുടരുന്നതിനും ലോകമെമ്പാടും ബ്ലഡ്ഹൗണ്ടുകളെ ഉപയോഗിക്കുന്നുണ്ട്. അതിശക്തമായ ഘ്രാണശക്തിയും മണം പിടിച്ച് ഇരയെ പിന്തുടരാനുള്ള അടങ്ങാത്ത ത്വരയും ഇവയെ ഒന്നാന്തരം പൊലീസ് നായ്ക്കളാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.