ഓസ്‌ട്രേലിയയില്‍ ശിക്ഷാ കാലാവധി തീരുന്ന തീവ്രവാദികളുടെ അപകട സാധ്യതാ വിലയിരുത്തലിനെതിരേ മുസ്ലിം സംഘടനകള്‍

ഓസ്‌ട്രേലിയയില്‍ ശിക്ഷാ കാലാവധി തീരുന്ന തീവ്രവാദികളുടെ അപകട സാധ്യതാ വിലയിരുത്തലിനെതിരേ മുസ്ലിം സംഘടനകള്‍

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ അപകടകാരികളായ തീവ്രവാദികളെ ശിക്ഷാ കാലാവധി കഴിഞ്ഞ് മോചിപ്പിക്കുന്നതിന് മുന്‍പ് അവരുടെ സ്വഭാവ സവിശേഷതകള്‍ വിലയിരുത്തുന്ന സംവിധാനത്തിനെതിരേ മുസ്ലിം സംഘടനകളുടെ പ്രതിഷേധം. ജയിലില്‍ കഴിയുന്ന അത്യന്തം അപകടകാരികളായ തടവുകാരെ മോചിപ്പിക്കുന്നതിനോടനുബന്ധിച്ചാണ്  Violent Extremism Risk Assessment 2 Revised (VERA-2R) എന്ന സംവിധാനത്തിലൂടെ ഭാവിയില്‍ പൊതുസമൂഹത്തിന് ഇവര്‍ ഭീഷണിയാകുമോ എന്നു നിര്‍ണയിക്കുന്നത്. ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയയും ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷനുമാണ് വിമര്‍ശനവുമായി രംഗത്തുവന്നരിക്കുന്നത്.

മോചിപ്പിക്കപ്പെടുന്ന തീവ്രവാദികള്‍ ഭാവിയില്‍ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന അപകടസാധ്യത വിലയിരുത്താനാണ് അധികൃതര്‍ VERA-2R എന്ന മൂല്യനിര്‍ണ്ണയ ഉപകരണം ഉപയോഗിക്കുന്നത്. ഏറെ ശാസ്ത്രീയമായാണ് ഈ സംവിധാനത്തിലൂടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ തീവ്രവാദികളെ മൂല്യനിര്‍ണയം ചെയ്യുന്നത്. കുറ്റവാളികള്‍ സമൂഹത്തിന് ഭീഷണിയാണെന്നു കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടങ്കലില്‍ തുടരാന്‍ നിയമം അധികൃതരെ അനുവദിക്കുന്നു.

എന്നാല്‍ ഇതു വിശ്വസനീയമല്ലെന്ന വാദമാണ് ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയ ഉന്നയിക്കുന്നത്.

തീവ്രവാദ കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന 21 പേരെ 2027-ന് മുമ്പ് മോചിപ്പിക്കേണ്ടതുണ്ടെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. അവരില്‍ ഭൂരിഭാഗവും ന്യൂ സൗത്ത് വെയില്‍സിലാണ്. ഇതിനകം ഒരു ഡസനോളം കേസുകളില്‍ ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. അനുദിനം ബഹുസ്വര സമൂഹമായി വളരുന്ന ഓസ്‌ട്രേലിയയില്‍ തീവ്രവാദ ഭീഷണികളെ ചെറുക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമാണെന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം.

എന്നാല്‍ ഒരു കുറ്റവാളിയെ ശിക്ഷാ കാലാവധി കഴിഞ്ഞും തടങ്കലില്‍ വച്ചിരിക്കുന്നതിനെ ന്യായീകരിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കുമെന്ന ആശങ്കയാണ് ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയയും മനുഷ്യാവകാശ കമ്മിഷനും മുന്നോട്ടുവയ്ക്കുന്നത്. ഇന്‍ഡിപെന്‍ഡന്റ് നാഷണല്‍ സെക്യൂരിറ്റി ലെജിസ്ലേഷന്‍ മോണിറ്ററിന് ഇതുസംബന്ധിച്ച പരാതികള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഈ ഉപകരണത്തിന്റെ വിശ്വസനീയതയെക്കുറിച്ച്് പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെടുന്നു.

2009-ല്‍ നെതര്‍ലാന്‍ഡിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. 2019-ലെ ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം, 2020-ല്‍ ഓസ്ട്രിയയില്‍ നടന്ന ആക്രമണം, കഴിഞ്ഞ വര്‍ഷം ഓക്ലന്‍ഡില്‍ നടന്ന ആക്രമണം തുടങ്ങിയവ തീവ്രവാദികളെ മോചിപ്പിച്ചതിന് ശേഷമുണ്ടായ സംഭവങ്ങളാണ്. അതിനാല്‍ ആഭ്യന്തര വകുപ്പ് കര്‍ശന ജാഗ്രതയാണ് തീവ്രവാദികളെ മോചിപ്പിക്കുന്ന കാാര്യത്തില്‍ പുലര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.