തിരുവനന്തപുരം: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തിയതി നീട്ടാന്‍ സാധ്യത. അപേക്ഷാ തീയതി നീട്ടുന്നതിലൂടെ സിബിഎസ്‌ഇ സിലബസില്‍ പഠിച്ച കുട്ടികള്‍ക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം.
അപേക്ഷ തീയതി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചര്‍ച്ചയ്ക്കുശേഷമുണ്ടാകും. ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍ ജൂലൈ 18 ആണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
സിബിഎസ്‌ഇ പരീക്ഷാ ഫലം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര സിലബസില്‍ പഠിക്കുന്ന കുട്ടികളെന്ന വേര്‍തിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി.ശിവന്‍കുട്ടി കത്തയച്ചിരുന്നു. കേരളത്തിലെ പ്ലസ് വണ്‍ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം. 21 നാണ് ട്രയല്‍ അലോട്ട്മെന്റ്. 27 നാണ് ആദ്യ അലോട്ട്മെന്റ്. പ്രവേശനത്തിന് മുന്നോടിയായി വിവിധ ജില്ലകളില്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.