ഇന്ന് മുതല്‍ വിലക്കയറ്റം; ജി.എസി.ടി കൂട്ടുന്നത് ഈ ഉല്‍പന്നങ്ങള്‍ക്ക്

ഇന്ന് മുതല്‍ വിലക്കയറ്റം; ജി.എസി.ടി കൂട്ടുന്നത് ഈ ഉല്‍പന്നങ്ങള്‍ക്ക്

കൊച്ചി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇന്ന് മുതല്‍ വിലകൂടും. ജിഎസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് അരി ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്ക് വില കൂടുന്നത്. 5 % താരിഫിലാണ് പായ്ക്കറ്റിലാക്കിയ അരി ഉള്‍പ്പെടെയുള്ളവയെ ഉള്‍പ്പെടുത്തിയത്.

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജിഎസ്ടി ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത് ഒരുപരിധി വരെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ജിഎസ്ടി വിജ്ഞാപനത്തിലുണ്ടായ ആശയക്കുഴപ്പം നീക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഭക്ഷ്യസാധനങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുമ്പോള്‍ അഞ്ചുശതമാനം ജിഎസ്ടി ബാധകമാണെന്ന വിജ്ഞാപനത്തിലാണ് ആശയക്കുഴപ്പമുണ്ടായത്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കു മാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.

പാക്കറ്റുകളിലെ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവില്‍ പാക്കറ്റിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. അതോടെ ചാക്കുകളിലാക്കി വ്യാപാരികള്‍ ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകുമെന്ന് ധാരണ പരന്നു.

ഇങ്ങനെ വന്നാല്‍ ചാക്കില്‍ കൊണ്ടുവരുന്ന ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് ബാധകമാകുന്ന നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടിവരുമെന്നും അത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണ് ആശങ്ക തീര്‍ക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

അതേസമയം, പുതിയ നികുതി പരിഷ്‌ക്കരണം ചെറുകിട കച്ചവടക്കാരെ മുഴുവന്‍ നികുതി വലയിലേക്ക് കൊണ്ടുവന്നതില്‍ വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചു. 40 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരും ഇനി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടി വരും.

നികുതി പരിഷ്‌ക്കരണം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ജിഎസ്ടി കൗണ്‍സിലിനും പരാതി നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.



പുതിയ ജിഎസ്ടി നിരക്കില്‍

വില കൂടുന്നവ


(നിലവിലെ നിരക്ക് ബ്രാക്കറ്റില്‍)

എല്‍ഇഡി ലാംപ്,ലൈറ്റ് 18% (12%)

വാട്ടര്‍പമ്പ്,സൈക്കിള്‍ പമ്പ് 18% (12%)

അച്ചടി,എഴുത്ത്,വര എന്നിവയ്ക്കുള്ള മഷി 18% (12%)

ചെക്ക് ബുക്ക് 18% (0%)

കട്ടിങ് ബ്ലേഡുകളുള്ള കത്തി,പേപ്പര്‍ മുറിക്കുന്നകത്തി,

പെന്‍സില്‍ ഷാര്‍പ്‌നെറും ബ്ലേഡും,സ്പൂണ്‍,ഫോര്‍ക്ക്

തുടങ്ങിയവ 18% (12%)

കട്ട് ആന്‍ഡ് പോളിഷ് ചെയ്ത

വജ്രക്കല്ല് 1.5% (0.25%)

സോളര്‍വാട്ടര്‍ഹീറ്റര്‍ 12% (5%)

ഭൂപടം 12% (0%)

ചിട്ടിഫണ്ട്‌ഫോര്‍മാന്‍നല്‍കുന്ന സേവനം 18% (12%)

ടെട്രാപാക്ക് (പാക്കേജിങ് പേപ്പര്‍)18% (12%)




നികുതി കുറയുന്നവ (പഴയനികുതി ബ്രാക്കറ്റില്‍)

മന്തുരോഗത്തിനുള്ള ഡി.ഇ.സി. ഗുളിക ഇറക്കുമതിക്ക് നികുതിയില്ല (അഞ്ചുശതമാനം)

ഓസ്റ്റോമി കിറ്റ് (ആന്തരികാവയവങ്ങളില്‍നിന്ന് വിസര്‍ജ്യം ശേഖരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റ്)- 5 (12)

എല്ലുമായി ബന്ധപ്പെട്ട ചികിത്സാ ആവശ്യത്തിനുള്ള ഉത്പന്നങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍- 5 (12)

കൃത്രിമ ശരീരഭാഗങ്ങള്‍- 5 (12)

റോപ് വേ വഴിയുള്ള യാത്രയും ചരക്കുനീക്കവും- 5 (18)

ഇന്ധനച്ചെലവുള്‍പ്പെടെ നല്‍കി ചരക്കുവാഹനങ്ങള്‍ വാടകയ്ക്കെടുക്കുമ്പോള്‍- 12 (18)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.