ഓസ്‌ട്രേലിയന്‍ കൗമാരക്കാരന്‍ ഐ.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; സിറിയയിലെത്തിയത് 11-ാം വയസില്‍

 ഓസ്‌ട്രേലിയന്‍ കൗമാരക്കാരന്‍  ഐ.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു;  സിറിയയിലെത്തിയത് 11-ാം വയസില്‍

സിഡ്‌നി: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണത്തില്‍ സിറിയന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഓസ്‌ട്രേലിയന്‍ പൗരനായ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബാല്യത്തില്‍ സിഡ്‌നിയില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പം സിറിയയിലേക്കു പോയ ഓസ്‌ട്രേലിയന്‍ പൗരനായ യൂസഫ് സഹാബ് ആണ് 17-ാം വയസില്‍ കൊല്ലപ്പെട്ടത്.

2015-ല്‍, 11 വയസുള്ളപ്പോഴാണ് യൂസഫിനെ മാതാപിതാക്കള്‍ സിറിയയിലെ ഐഎസിന്റെ അധീനതയിലുള്ള സ്ഥലത്തേക്കു കൊണ്ടുപോയത്. 2019-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തിനുശേഷം യൂസഫ് ഐഎസ് തീവ്രവാദികള്‍ക്കൊപ്പം ഹസാക്ക സിറ്റിയിലെ ഘ്വയ്റാന്‍ ജയിലിലാണു കഴിഞ്ഞിരുന്നത്. ജനുവരിയില്‍ തങ്ങളുടെ പോരാളികളെ മോചിപ്പിക്കാന്‍ ഐഎസ് ജയില്‍ ആക്രമിച്ചപ്പോഴാണ് യൂസഫും കൊല്ലപ്പെട്ടതെന്നാണ് നിഗമനം. യൂസഫിനെപ്പോലെ നാല്‍പതോളം ഓസ്ട്രേലിയന്‍ കുട്ടികളെങ്കിലും വടക്കുകിഴക്കന്‍ സിറിയയിലെ ക്യാമ്പുകളില്‍ നരക യാതന അനുഭവിച്ച് കഴിയുന്നുണ്ട്

പോരാട്ടം നടക്കുന്നതിനിടെ തന്നെ രക്ഷിക്കാന്‍ ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളോട് യൂസഫ് അഭ്യര്‍ഥിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനുശേഷം മാസങ്ങള്‍ക്കകമാണ് മരണവാര്‍ത്ത എത്തിയത്.

സിഡ്‌നിയില്‍ താമസിക്കുന്ന ബന്ധുക്കള്‍ യൂസഫിന്റെ മരണത്തില്‍ വലിയ ദുഖത്തിലാണ്. ഐഎസ് തീവ്രവാദികളും കുര്‍ദിഷ് സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനാല്‍ താന്‍ എപ്പോള്‍ വേണമെങ്കിലും മരണപ്പെടാമെന്ന് യൂസഫ് ആശങ്കപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

'എട്ടും എത്തും വയസുള്ള കുട്ടികള്‍ പോലും ജയിലില്‍ മരണപ്പെടുന്നത് കാണ്ടേണ്ടി വന്നതായി യൂസഫ് പറയുന്നു. തന്റെ ഒരുപാട് സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടു. അവരുടെ മൃതശരീരങ്ങള്‍ ഞാന്‍ കണ്ടു. ഇവിടെ ഞാന്‍ തനിച്ചാണെന്നും തനിക്കു വളരെയേറെ ഭയമുണ്ടെന്നും യൂസഫ് കണ്ണീരോടെ പറഞ്ഞു.

പരിക്കേറ്റ ധാരാളം ആളുകള്‍ തന്റെ അരികില്‍ കിടന്ന് നിലവിളിക്കുകയാണ്. തനിക്കും വെടിയേറ്റിട്ടുണ്ട്. മുറിവുകളില്‍ നിന്ന് രക്തസ്രാവമുണ്ടെന്നും ചികിത്സിക്കാന്‍ ജയിലില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്നും കുട്ടി പറയുന്നതായി ശബ്ദരേഖയില്‍ കേള്‍ക്കാം.

യൂസഫ് എങ്ങനെ, എപ്പോള്‍ മരിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. ഐഎസ് ആക്രമണത്തില്‍ കൗമാരക്കാരന് പരിക്കേറ്റിരുന്നു. ജയിലില്‍ വെച്ച് മരിച്ചെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

സിഡ്‌നിയില്‍ മറ്റേതൊരു ഓസ്ട്രേലിയന്‍ കുട്ടിയെപ്പോലെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചാണ് യൂസഫ് വളര്‍ന്നത്. സകൂളില്‍ പോകുകയും ചെയ്തിരുന്നു. മറ്റുള്ളവരോട് കരുതലും അനുകമ്പയുമുള്ള കുട്ടിയായിരുന്നു യൂസഫെന്ന് കുടുംബം ഓര്‍ക്കുന്നു.

രാജ്യത്ത് ഐഎസിന്റെ പതനത്തിനു ശേഷം, 14 വയസു മാത്രമുള്ള യൂസഫിനെ കുര്‍ദ് സൈന്യം അമ്മയില്‍നിന്നും സഹോദരിയില്‍നിന്നും വേര്‍പെടുത്തുകയും ജയിലിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് അയയ്ക്കുകയും ചെയ്തു.

യൂസഫിന്റെ മരണത്തോടെ സിറിയയിലെ താല്‍ക്കാലിക തടങ്കല്‍പ്പാളയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനുള്ള മുറവിളികള്‍ ഓസ്‌ട്രേലിയയില്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം വിട്ടുപോയവര്‍ തിരിച്ചുവരുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

2019-ല്‍ ഇറാഖിലും സിറിയയിലും ഐഎസിന്റെ പതനത്തിനുശേഷം ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് കുര്‍ദ് സൈന്യം താല്‍ക്കാലിക ക്യാമ്പുകളില്‍ തടഞ്ഞുവച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും തീവ്രചിന്താഗതിയുള്ള ഭര്‍ത്താക്കന്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ കബളിപ്പിക്കലിന് ഇരയായോ സിറിയയില്‍ എത്തിയവരാണ്. നിരവധി ഓസ്‌ട്രേലിയന്‍ സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്.

സിറിയയില്‍ ഓസ്ട്രേലിയന്‍ ബാലന്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.

വടക്കു കിഴക്കന്‍ സിറിയയിലെ ജയിലുകളിലും മറ്റ് തടങ്കല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഓസ്ട്രേലിയക്കാരുടെ അവസ്ഥയില്‍ സര്‍ക്കാരിന് അതീവ ഉത്കണ്ഠയുണ്ടെന്നും വക്താവ് പറഞ്ഞു.

സിറിയയിലെ അപകടകരമായ സുരക്ഷാ സാഹചര്യം കാരണം അവിടെയുള്ള ഓസ്ട്രേലിയക്കാര്‍ക്ക് കോണ്‍സുലര്‍ സഹായം എത്തിക്കാനുള്ള സൗകര്യം പരിമിതമാണ്.

സിറിയയിലെ ക്യാമ്പുകളില്‍ 40-ലധികം കുട്ടികള്‍ ഉള്‍പ്പെടെ 63 ഓസ്ട്രേലിയക്കാരെങ്കിലും കഴിയുന്നതായി സേവ് ദി ചില്‍ഡ്രന്‍ ഓസ്ട്രേലിയ അറിയിച്ചു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റ് ഓസ്ട്രേലിയന്‍ കുട്ടികളും മരിക്കുമെന്ന് സിഇഒ മാറ്റ് ടിങ്ക്ലര്‍ പറഞ്ഞു

മാറ്റ് ടിങ്ക്ലര്‍ അടുത്തിടെ സിറിയയിലെത്തി ഓസ്ട്രേലിയന്‍ സ്ത്രീകളും കുട്ടികളും താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. അവിടത്തെ ദുരിതപൂര്‍ണമായ സാഹര്യങ്ങളും മുറിവിനു പോലും ചികിത്സ ലഭിക്കാതെ ഓസ്ട്രേലിയന്‍ കുട്ടികളില്‍ പലരും വിവിധ രോഗങ്ങളുമായി മല്ലിടുന്നതും നേരിട്ട് കണ്ടതായി ടിങ്ക്ലര്‍ പറഞ്ഞു.

ക്യാമ്പുകള്‍ നടത്തുന്ന പ്രാദേശിക ഭരണകൂടവും യുഎസ് സര്‍ക്കാരും സ്ത്രീകളെയും കുട്ടികളെയും സിറിയയ്ക്കു പുറത്തെത്തിക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വടക്കുകിഴക്കന്‍ സിറിയയില്‍ 850-ഓളം കുട്ടികളാണ് തടവിലുള്ളത്. ഇവരില്‍ ചിലര്‍ 12 വയസ് മാത്രം പ്രായമുള്ളവരാണ്. ഘ്വയ്റാന്‍ ജയിലിലാണ് ഈ കുട്ടികളില്‍ ഭൂരിഭാഗവും. ഇവിടെയുള്ള കുട്ടികളില്‍ കൂടുതലും സിറിയയിലും ഇറാഖിലും നിന്നുള്ളവരാണ്. മറ്റ് ഇരുപതോളം രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ള കുട്ടികള്‍. ദേശീയ-അന്തര്‍ദേശീയ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഒന്നും ചുമത്താതെയാണ് ഇവരെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് യൂണിസെഫ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.