പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം: അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ലാഹോര്‍ ബിഷപ്പ്

പാകിസ്ഥാനില്‍  ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം: അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ലാഹോര്‍ ബിഷപ്പ്

പാകിസ്ഥാനില്‍ ഓരോ വര്‍ഷവും തട്ടിക്കൊണ്ടു പോകുന്നത് ആയിരത്തോളം ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ.

ലാഹോര്‍: ക്രൈസ്തവര്‍ക്കെതിരായ പീഡനം പതിവായ പാകിസ്ഥാനില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായമഭ്യര്‍ത്ഥിച്ച് ലാഹോര്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ. പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നത് തടയുവാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മൂവ്‌മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ്' എന്ന സംഘടനയുടെ കണക്കനുസരിച്ച് രാജ്യത്ത് 12 നും 25 നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികള്‍ ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ താന്‍ ആവശ്യപ്പെടുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

പോര്‍ച്ചുഗലിലെ സെറ്റുബാല്‍ രൂപതയിലെ 'ക്രൈസ്റ്റ് ദി കിംഗ്' ദേവാലയത്തില്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂന്തോട്ടങ്ങളില്‍ പോലും കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കുവാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ സെബാസ്റ്റ്യന്‍ ഷാ ഇത്തരം സംഭവങ്ങള്‍ തടയുവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ ബാഗുകളുമായി കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞു വിടുന്ന മാതാപിതാക്കള്‍ക്ക് പിന്നീടൊരിക്കലും അവരെ കാണുവാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് ആലോചിച്ച് നോക്കണം.

പലപ്പോഴും അപ്രത്യക്ഷരായ കുട്ടികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ അവരെ കുറിച്ചോര്‍ത്ത് കരയുവാന്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് കഴിയുക. ഇത് പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്.

തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, നിര്‍ബന്ധിത വിവാഹം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവ തടയുവാന്‍ പാക് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുവാന്‍ സഹായകമാവും. ഒരു മതാന്തര സംഘടന വഴി ലാഹോര്‍ അതിരൂപത ഇതിനായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന കനത്ത ഭീഷണികള്‍ സംബന്ധിച്ച് ''അവളുടെ കരച്ചില്‍ കേള്‍ക്കൂ'' എന്നപേരില്‍ എ.സി.എന്നിന്റെ യു.കെ ഓഫീസ് 2021 ല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഈജിപ്ത്, ഇറാഖ്, മൊസാംബിക്ക്, നൈജീരിയ, സിറിയ, പാകിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന പ്രശ്‌നങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.