എയര്‍ഏഷ്യയ്ക്ക് നവംബർ ഒന്ന് മുതൽ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് സർവീസുകൾ

എയര്‍ഏഷ്യയ്ക്ക് നവംബർ ഒന്ന് മുതൽ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് സർവീസുകൾ

സിഡ്‌നി: ബജറ്റ് വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന മലേഷ്യന്‍ കമ്പനിയായ എയര്‍ഏഷ്യ എക്സ് നവംബര്‍ ഒന്നു മുതല്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും.

ഓസ്‌ട്രേലിയന്‍ നഗരങ്ങളായ പെര്‍ത്ത്, മെല്‍ബണ്‍, സിഡ്നി, ന്യൂസിലന്‍ഡിലെ  ഓക് ലൻഡ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്താനാണ് ഒരുങ്ങുന്നത്. ഓക് ലൻഡ് വിമാനങ്ങള്‍ സിഡ്നി വഴിയാണ് സര്‍വീസ് നടത്തുക.

അടുത്ത വര്‍ഷം തുടക്കത്തില്‍ മൂന്ന് റൂട്ടുകളിലും പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. കോവിഡ് മഹാമാരി മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

കോവിഡ് മഹാമാരിക്കു മുന്‍പ് 2019-ല്‍, മലേഷ്യ ഉള്‍പ്പെടെയുള്ള ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കും ന്യൂസിഡന്‍ഡിലേക്കുമുള്ള യാത്രയ്ക്കായി ദശലക്ഷത്തിലധികം ആളുകളാണ് തങ്ങളുടെ സര്‍വീസ് ഉപയോഗിച്ചതെന്ന് ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് ബെന്യാമിന്‍ ഇസ്മായില്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തങ്ങളുടെ പ്രധാനപ്പെട്ട വിപണികളായി മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു. നവംബര്‍ മുതല്‍ ദീര്‍ഘദൂര വിമാന യാത്രകള്‍ താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ഏഷ്യ എക്‌സ് ഗ്രൂപ്പിന്റെ നെറ്റ്‌വര്‍ക്കില്‍ ദീര്‍ഘദൂര സബ്‌സിഡറി കമ്പനികളായ തായ് എയര്‍ഏഷ്യ എക്‌സും ഇന്തോനേഷ്യ എയര്‍ഏഷ്യ എക്‌സും ഉൾപ്പെടുന്നു. ഹ്രസ്വകാല സര്‍വീസുകളില്‍ എയര്‍ഏഷ്യ ഇന്ത്യ, ഫിലിപ്പീന്‍സ് എയര്‍ഏഷ്യ, ഇന്തോനേഷ്യ എയര്‍ഏഷ്യ, തായ് എയര്‍ഏഷ്യ തുടങ്ങിയവയുമാണ് ഉള്‍പ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.