കൊച്ചി: ഒരു യഥാര്‍ഥ മിഷനറിയുടെ ദൗത്യം മനപരിവര്‍ത്തനം ആണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. മിഷനറിമാര്‍ ക്രിസ്തുവിന് സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മപ്പെടുത്തി.
റൂഹാലയ തിയോളജി മേജര്‍ സെമിനാരി പ്രേഷിതോന്മുഖമായ ദൈവശാസ്ത്രപരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച അഖിലേന്ത്യാ സിംപോസിയത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. ഓണ്‍ലൈനായി നടത്തിയ അഞ്ചുദിവസത്തെ സമ്മേളനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ഉദ്ഘാടനം ചെയ്തത്.
ആരംഭ കാലഘട്ടങ്ങളില്‍ ദരിദ്രരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് കൈത്താങ്ങായി നിന്ന മിഷനറിമാര്‍ പിന്നീടു സാംസ്‌കാരിക മൂല്യങ്ങളെ കൈവിടാതെ സഭയുടെ മിഷന്‍ പ്രവര്‍ത്തനം വ്യത്യസ്ത മേഖലകളില്‍ തുടര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ കീഴില്‍ ഉജ്ജൈനില്‍ ഉള്ള റൂഹാലയ സെമിനാരിയുടെ ദൈവശാസ്ത്ര വിഭാഗത്തിന്റെ രജതജൂബിലിയുടെ ഭാഗമായാണ് സിംപോസിയം സംഘടിപ്പിച്ചത്. റവ. ഡോ. ജോസ് പാലക്കീല്‍ ആയിരുന്നു മുഖ്യ സംഘാടകന്‍.
കൂടാതെ ഇന്ത്യയിലെ വിവിധ മേജര്‍ സെമിനാരികളില്‍ നിന്നുള്ള ഇരുപത് ബൈബിള്‍ പണ്ഡിതരും ദൈവശാസ്ത്രജ്ഞരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാരികളിലെ വൈദിക പരിശീലനം കാലാനുസൃതമാക്കാനുള്ള വിവിധ ആശയങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്തു.
ഉജ്ജൈന്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് അത്തിക്കളം, ഇന്‍ഡോര്‍ രൂപതാധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ എന്നിവരും സിംപോസിയത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.