നാഗർകോവിൽ: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി രണ്ട് മലയാളികളെ തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ ജോർജിന്റെ മകൻ നെവിൽ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ, വലിയവീട്ടിൽ പരേതനായ വിശ്വനാഥ പൈയുടെ മകൻ ശിവകുമാർ പൈ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ധർമ്മപുരി – സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികിലാണ് സാരമായ പരിക്കുകളോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാവിലെ വനത്തിലൂടെ കന്നുകാലികളെ മേയ്‌ക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ട് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹങ്ങൾ 10 മീറ്റർ അകലത്തിലായിരുന്നു. 100 മീറ്റർ അകലെ കേരള രജിസ്ട്രേഷൻ കാറും കണ്ടെത്തി. കാറിന്റെ രജിസ്‌ട്രേഷൻ നമ്പറും ഇരുവരുടെയും തിരിച്ചറിയൽ കാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളികളാണെന്ന് വ്യക്തമായത്.
തിരുവനന്തപുരത്ത് എൻജിനീയറായിരുന്ന നെവിൽ നാല് ദിവസം മുമ്പാണ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് തിരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേരെ കുറിച്ചോ മരിച്ച ശിവകുമാറിനെ പറ്റിയോ തങ്ങൾക്ക് അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഊട്ടിയിൽ വർഷങ്ങൾക്ക് മുമ്പാണ് നെവിലും സുഹൃത്തുക്കളും ചേർന്ന് ഭൂമി വാങ്ങിയത്.
ശിവകുമാർ പൈ ഞായറാഴ്ചയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ധർമ്മപുരി പൊലീസ് ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിച്ചു. സംഭവം അറിഞ്ഞ ബന്ധുക്കൾ തമിഴ്നാട്ടിലേക്ക് പോയി.
മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും പോസ്റ്റ്മോർട്ടം.
പത്രപ്രവർത്തകയായിരുന്ന സുജയാണ് നെവിലിന്റെ ഭാര്യ. ശിവകുമാറിന്റെ ഭാര്യ: വിനീത. മക്കൾ: ദേവി പ്രിയ, വിഷ്ണുനാഥ്, വിജയ് നാഥ്, വിശ്വനാഥ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.