പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി കേരളം നടപ്പാക്കില്ലെന്ന് ധനമന്ത്രി

 പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി കേരളം നടപ്പാക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: പായ്ക്ക് ചെയ്ത അരിക്കും പയറുല്‍പന്നങ്ങള്‍ക്കും ഇതാദ്യമായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം നികുതി സംസ്ഥാനത്ത് ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അറിയിച്ചു. കടകളില്‍ തൂക്കി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് നികുതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് കമ്പനികള്‍ പായ്ക്കു ചെയ്തു വില്‍ക്കുന്ന അരിക്കും പയറിനുമൊക്കെ മാത്രമായിരുന്നു നേരത്തേ നികുതി.

തിങ്കളാഴ്ച മുതല്‍ കടകളില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ബാധകമാക്കി. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ഒറ്റയടിക്ക് വില കൂടി. ഇതില്‍ വന്‍ പ്രതിഷേധമുയരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി. ചെറിയ കടകളിലും കുടുംബശ്രീക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളിലും മാര്‍ജിന്‍ഫ്രീ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറിനുമുള്‍പ്പെടെയാണ് നികുതി ഒഴിവാക്കിയത്. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കടകളുടെ പേര് അച്ചടിച്ച കവറുകളില്‍ വില്‍പന നടത്തുന്നവയ്ക്ക് നികുതി ബാധകമായിരിക്കും.

സാധാരണക്കാരെ ബാധിക്കുന്ന നികുതി വര്‍ദ്ധനയ്ക്ക് എതിരാണെന്നും, ഇക്കാര്യം ജി.എസ്.ടി കൗണ്‍സിലിനെ കത്തിലൂടെയും നേരിട്ടും അറിയിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ ധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു.

ആഢംബര സ്വഭാവമുള്ളവയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന് എതിരല്ലെന്നും മന്ത്രി പറഞ്ഞു. ബ്രാന്‍ഡഡ് പായ്ക്ക് സാധനങ്ങളില്‍ നികുതിയേര്‍പ്പെടുത്തിയത് മറികടക്കാന്‍ ബ്രാന്‍ഡ് ഒഴിവാക്കി കൊണ്ടുള്ള കുറിപ്പ് വച്ച് വില്‍പന നടത്തുന്ന രീതി ഇതര സംസ്ഥാനങ്ങളില്‍ വ്യാപകമായിരുന്നു. ഇത് കണക്കിലെടുത്താണ് പ്രീ പായ്ക്ക് വസ്തുക്കള്‍ക്കും നികുതി ഏര്‍പ്പെടുത്തിയത്. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം വര്‍ധിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.