കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളിലും വിശുദ്ധ ചാവറ അച്ചനെ തിരസ്‌ക്കരിക്കുന്നതിലും പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ ആരംഭിച്ചു. ബഫര്‍ സോണ്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് രാവിലെയാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചത്. പ്രതിസന്ധിയില്‍ ഉഴലുന്ന കര്‍ഷകര്‍ക്ക് മേല്‍ ഇടിത്തീ ആയാണ് ബഫര്‍സോണ്‍ വിഷയം വന്ന് വീണിരിക്കുന്നത്. കര്‍ഷകര്‍ അസംഘടിതാരണ്. അത് ചൂഷണം ചെയ്താണ് ഉദ്യോഗസ്ഥര്‍ ജീവിക്കുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കര്‍ഷകര്‍ ജീവിക്കുന്നതും മരിക്കുന്നതും കടത്തിലാണെന്നും അഡ്വ. ബിജു പറയന്നിലം വ്യക്തമാക്കി.
കത്തോലിക്ക സമുദായത്തിന്റെ ശബ്ദമാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉയരുന്നത്. നാളേയ്ക്ക് ഉള്ള വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് ഈ ഒത്തു ചേരല്‍ എന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വ്യക്തമാക്കി.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ 2019ലെ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യജീവികളുടെ ആക്രമണം മൂലം നിരവധി ആളുകളുടെ ജീവനും കൃഷിയും നശിക്കുന്നതില്‍ പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചും നവോഥാന നായകനായ വിശുദ്ധ ചാവറയച്ചന്റെ സംഭാവനകള്‍ തമസ്‌കരിക്കുന്നതിലും പ്രതിഷേധിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത് .
കേരളത്തിന്റെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തുന്നതിലും ബഫര്‍ സോണ്‍ കേരളത്തില്‍ ഒഴിവാക്കുന്നതിലും കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാന വനം വകുപ്പ് മന്ത്രി ഈ ദിവസങ്ങളില്‍ ബഫര്‍ സോണ്‍ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ഛ് പ്രശ്നത്തില്‍ നിന്ന് കൈ കഴുകാന്‍ ശ്രമിക്കുമ്പോഴും 2019 ലെ ബഫര്‍ സോണ്‍ വേണമെന്നുള്ള മന്ത്രിസഭാ തീരുമാനം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതും പാസാക്കിയ പ്രമേയത്തിനും മൂല്യമില്ല എന്നുള്ളത് സാധാരണ കര്‍ഷകര്‍ക്ക് മനസിലാകുന്ന കാര്യമാണ്. മന്ത്രി സഭ തീരുമാനം തിരുത്താന്‍ ശ്രമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് ഒളിച്ചു കളിയാണ്. ഇത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമം മാത്രമാണ്. മാത്രമല്ല സര്‍ക്കാര്‍ നിലപാട് കര്‍ഷകരോടുള്ള കടുത്ത വഞ്ചനയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് ധര്‍ണയ്ക്ക് ഒരുങ്ങുന്നത്. കൃഷിയിടങ്ങളില്‍ വരുന്ന വന്യജീവികളെ തുരത്തുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തിലെ നവോഥാനനായകരെക്കുറിച്ചു വിശദീകരിക്കുന്ന ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് വിസുദ്ധ ചാവറയച്ചനെ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത് പുനസ്ഥാപിച്ചു പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ തിരുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധനങ്ങള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജൂലൈ 20ലെ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തിയത്.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് ഡോ. ജോസ്‌കുട്ടി ജെ ഒഴുകയില്‍, സെക്രട്ടറി ബെന്നി ആന്റണി, ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ജിയോ കടവി, ട്രഷറർ ജോബി കാക്കശേരി എന്നിവര്‍ സംസാരിച്ചു. കൂടാതെ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും ഭാരവാഹികളും പ്രവര്‍ത്തകരുമായി നൂറുകണക്കിന് അംഗങ്ങള്‍ ധര്‍ണയില്‍ അണിചേര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.