വാട്സ്ആപ് ചാറ്റില്‍ ഗൂഢാലോചനയില്ല; പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രം: ശബരിനാഥന്റെ ജാമ്യ ഉത്തരവില്‍ കോടതി നിരീക്ഷണം

വാട്സ്ആപ് ചാറ്റില്‍ ഗൂഢാലോചനയില്ല; പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രം: ശബരിനാഥന്റെ ജാമ്യ ഉത്തരവില്‍ കോടതി നിരീക്ഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതിയുടെ നിര്‍ണായക നിരീക്ഷണം. വധശ്രമ ഗുഢാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പ്രതികളുടെ ഫോണ്‍ പൊലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണെന്നും ചാറ്റില്‍ മുഖ്യമന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ലെന്നും കോടി നിരീക്ഷിച്ചു.

പ്രതിഷേധിക്കാനുള്ള തീരുമാനം ആണ് ചാറ്റില്‍ ഉള്ളത്. ഫോണ്‍ പരിശോധനയിലും ഗൂഢാലോചന തെളിയിക്കുന പ്രത്യേകിച്ചൊന്നും പൊലിസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മൊബൈല്‍ ഹാജരാക്കാന്‍ പ്രതി തയ്യാറാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വാട്‌സ് ആപ്പ് ചാറ്റ് സ്‌ക്രീന്‍ ഷോട്ടിലും ഗൂഢാലോചന വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.

ജാമ്യവ്യവസ്ഥകള്‍ പാലിച്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് കെ എസ് ശബരിനാഥന്‍ പറഞ്ഞു. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. കരിങ്കൊടി കാണിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണെങ്കില്‍ അത് അംഗീകരിക്കും. വാട്ട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നത് കൊണ്ട് നിരപരാധിത്തം തെളിയിക്കാനായെന്നും ശബരി നാഥന്‍ പറഞ്ഞു.

'സി എം കണ്ണൂര്‍ ടിവി എം ഫ്‌ളൈറ്റില്‍ വരുന്നുണ്ട്. രണ്ടുപേര്‍ ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍...എന്തായാലും ഫ്‌ളൈറ്റില്‍ നിന്ന് പുറത്ത് ഇറക്കാന്‍ കഴിയില്ലല്ലോ' എന്ന് ശബരിനാഥന്‍ യൂത്ത്‌കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്‌സ്ആപ് ഗ്രൂപ്പിലിട്ട ചാറ്റ് സ്‌ക്രീന്‍ ഷോട്ടായി പുറത്തു വന്നതോടെയാണ് ശബരിനാഥനെതിരെ പൊലീസ് വധ ഗൂഢാലോചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം നാടകീയമായി അറസ്റ്റ് ചെയ്‌തെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം തള്ളി കോടതി ശബരിനാഥന് ജാമ്യം അനുവദിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.